കൂളിമാട് പാലത്തില്‍ നിര്‍മാണത്തിനിടെ തകര്‍ന്നുവീണ ബീമുകള്‍ ഉടന്‍ നീക്കിത്തുടങ്ങും

കൂളിമാട്: കൂളിമാട് പാലത്തില്‍ നിര്‍മാണത്തിനിടെ തകര്‍ന്നുവീണ ബീമുകള്‍ ഉടന്‍ നീക്കും . പൊതുമരാമത്ത് വകുപ്പില്‍നിന്ന് ഇതിനുള്ള അനുമതി രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം.അനുമതി ലഭിക്കുന്ന മുറക്കായിരിക്കും നീക്കിത്തുടങ്ങുക.നീക്കുന്നതിനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇതിനായി വലിയ ക്രെയിനുകള്‍ കഴിഞ്ഞ ദിവസംതന്നെ എത്തിച്ചിരുന്നു. 35 മീറ്റര്‍ നീളമുള്ള മൂന്ന് ബീമുകളാണ് തകര്‍ന്നുവീണത്. ഒന്ന് ചാലിയാറിലേക്ക് പതിക്കുകയും രണ്ടെണ്ണം മറിഞ്ഞുവീണ നിലയിലുമാണ്. പുഴയിലേക്ക് പതിച്ച ബീമാണ് ആദ്യം നീക്കുക.

പാലത്തില്‍ തങ്ങിനില്‍ക്കുന്ന ബീമുകള്‍ മുറിച്ച്‌ ചെറിയ ഭാഗങ്ങളാക്കിയായിരിക്കും നീക്കുക. ബീമുകള്‍ നീക്കിയ ശേഷം തൂണുകളുടെ ബലപരിശോധനയും നടത്തും. മേയ് 16ന് രാവിലെ ഒമ്ബതോടെയാണ് കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണത്. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച്‌ ബീമുകള്‍ ഘടിപ്പിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത് .

ഹൈഡ്രോളിക് ജാക്കി പ്രവര്‍ത്തിപ്പിക്കുന്നതിനിടയിലുണ്ടായ സാങ്കേതിക തകരാറാണ് ബീമുകള്‍ തകര്‍ന്നുവീഴാന്‍ കാര ണമെന്നാണ് നിര്‍മാണ ചുമതലയുള്ള യു.എല്‍.സി.സി നല്‍കിയ വിശദീകരണം. പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ എം. അന്‍സാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.

Leave A Reply