ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ശ്രീലങ്കക്ക്: രണ്ടാം മത്സരത്തിൽ ലങ്കൻ വിജയം 10 വിക്കറ്റിന്

ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് പത്തുവിക്കറ്റ് വിജയം. രണ്ടാം ഇന്നിങ്‌സില്‍ 29 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക വിക്കറ്റ് നഷ്ടപ്പെടാതെ വിജയത്തിലെത്തി. ഈ വിജയത്തോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്ക സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. സ്‌കോര്‍: ബംഗ്ലാദേശ് 365, 169. ശ്രീലങ്ക 506, വിക്കറ്റ് നഷ്ടമില്ലാതെ 29.

മത്സരത്തിലെ താരമായി ശ്രീലങ്കയുടെ അഷിത ഫെര്‍ണാണ്ടോയെ തിരഞ്ഞെടുത്തു. ശ്രീലങ്കയുടെ തന്നെ ഏയ്ഞ്ജലോ മാത്യൂസാണ് പരമ്പരയുടെ താരം. രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ആതിഥേയരായ ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 365 റണ്‍സിന് ഓള്‍ ഔട്ടായി. 175 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാദേശ് ഇന്നിങ്‌സിന് കരുത്തായത്. 141 റണ്‍സ് നേടിയ ലിട്ടണ്‍ ദാസും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ശ്രീലങ്കയ്ക്കായി കസുന്‍ രജിത അഞ്ചുവിക്കറ്റെടുത്തപ്പോള്‍ അസിത ഫെര്‍ണാണ്ടോ നാലുവിക്കറ്റ് വീഴ്ത്തി.

എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക ബംഗ്ലാദേശിനെതിരേ വ്യക്തമായ ആധിപത്യം നേടി. ആദ്യ ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ 506 റണ്‍സാണ് നേടിയത്. 145 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വെറ്ററന്‍ താരം ആഞ്ജലോ മാത്യൂസാണ് ശ്രീലങ്കയുടെ ടോസ് സ്‌കോറര്‍. 124 റണ്‍സ് നേടിയ ദിനേശ് ചണ്ഡിമലും മികച്ച പ്രകടനം പുറത്തെടുത്തു. 57 റണ്‍സെടുത്ത ഒഷാന്‍ഡ ഫെര്‍ണാന്‍ഡോ, 80 റണ്‍സ് നേടിയ ദിമുത് കരുണ രത്‌നെ, 58 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വ എന്നിവരും തിളങ്ങി. ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസ്സന്‍ അഞ്ചുവിക്കറ്റെടുത്തപ്പോള്‍ എബഡോട്ട് ഹസ്സന്‍ നാലുവിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 141 റണ്‍സിന്റെ ലീഡെടുത്തു.

141 റണ്‍സ് ലീഡ് മറികടക്കാനായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് അടിതെറ്റി. വെറും 169 റണ്‍സിന് ബംഗ്ലാ കടുവകളെ ശ്രീലങ്ക ചുരുട്ടിക്കൂട്ടി. 58 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സനും 52 റണ്‍സ് നേടിയ ലിട്ടണ്‍ ദാസും മാത്രമാണ് ആതിഥേയര്‍ക്ക് വേണ്ടി തിളങ്ങിയത്. ശ്രീലങ്കയ്ക്ക് വേണ്ടി അസിത ഫെര്‍ണാണ്ടോ ആറുവിക്കറ്റ് വീഴ്ത്തി. ഇതോടെ മത്സരത്തില്‍ താരം ആകെ 10 വിക്കറ്റ് നേടി.

രണ്ടാം ഇന്നിങ്‌സില്‍ വെറും 28 റണ്‍സ് ലീഡ് മാത്രം നേടിയ ബംഗ്ലാദേശ് 29 റണ്‍സ് വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ വെച്ചത്. ശ്രീലങ്ക അനായാസം വിജയത്തിലെത്തി.ഒഷാന്‍ഡ 21 റണ്‍സെടുത്തും കരുണരത്‌നെ ഏഴ് റണ്‍സെടുത്തും പുറത്താവാതെ നിന്നു.

Leave A Reply