പഴകിയ എണ്ണ കണ്ടെത്താൻ പ്രത്യേക പരിശോധന: മന്ത്രി

തിരുവനന്തപുരം : നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ഇത്തരത്തിലെ ഉപയോഗം ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കും. ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഉപയോഗിച്ച പഴകിയ എണ്ണ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും. ടിപിസി മോണിറ്ററിലൂടെ ഇത് വളരെ വേഗം കണ്ടെത്താൻ സാധിക്കും. വിപണിയിൽ വിൽക്കുന്ന എണ്ണയിൽ മായം കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കും. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണ വിൽക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ 25 ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി 4290 പരിശോധന നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 331 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 1417 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 412 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 429 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 5029 പരിശോനയാണ് നടത്തിയത്. ഇതുവരെ 7229 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. 114 പേർക്ക് നോട്ടീസ് നൽകി. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 936 സ്ഥാപനങ്ങൾ പരിശോധിച്ചു. 181 സാമ്പിളുകൾ ശേഖരിച്ചു. 11 പേർക്ക് നോട്ടീസ് നൽകി. ആകെ 1205 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 9 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 160 കടകൾക്ക് നോട്ടീസ് നൽകി. പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു

Leave A Reply