അത്ലറ്റിക്സിൽ തുടക്കം; പ്രൊഫഷണൽ ക്രിക്കറ്റ് തുടങ്ങിയത് 2016ൽ; വനിത ടി20 ചലഞ്ചിലെ പെൺപുലി കിരൺ നവ്ഗിരെയെ പരിജയപ്പെടാം
വനിതാ ടി-20 ചലഞ്ചിൽ വിസ്ഫോടനാത്മക ബാറ്റിംഗുമായി വാർത്തകളിൽ ഇടം നേടിയ കിരൺ നവ്ഗിരെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ട്രെയിൽബ്ലേസേഴ്സിനെതിരെ 34 പന്തുകളിൽ 5 വീതം ബൗണ്ടറിയും സിക്സറും സഹിതം 69 റൺസെടുത്ത നവ്ഗിരെ വെലോസിറ്റിയെ അവിശ്വസനീയ വിജയത്തിനരികെ എത്തിച്ചാണ് പുറത്തായത്.
മഹാരാഷ്ട്രയിലെ സോളാപൂർ എന്ന സ്ഥലത്താണ് നവ്ഗിരെ ജനിച്ചുവളർന്നത്. ഷോട്ട് പുട്ട്, ജാവലിൻ ത്രോ തുടങ്ങി അത്ലറ്റിക്സിലായിരുന്നു താരം തൻ്റെ കരിയർ ആരംഭിച്ചത്. സാവിത്രീഭായ് ഫൂലെ പൂനെ സർവകലാശാലയ്ക്കായി വിവിധ അത്ലറ്റിക്സ് മത്സരങ്ങളിൽ നവ്ഗിരെ പങ്കെടുത്തിരുന്നു. 2013-14. 2015-16 സീസണിൽ പൂനെ സർവകലാശാല ക്രിക്കറ്റ് ടീമിൽ കളിച്ചു. മുൻകാല പരിശീലമൊന്നും ഇല്ലാതെയാണ് താരം ക്രിക്കറ്റിലേക്ക് ചുവടുമാറിയത്. 2016ൽ പൂനെ അസം ക്യാമ്പസിൽ രണ്ട് വർഷത്തെ ഫിസിക്കൽ എജ്യുക്കേഷൻ കോഴ്സിനു ചേർന്ന നവ്ഗിരെയ്ക്ക് അവിടെ വച്ചാണ് ക്രിക്കറ്റിൽ പരിശീലനം ലഭിച്ചുതുടങ്ങുന്നത്.
2018ൽ നവ്ഗിരെ മഹാരാഷ്ട്രക്കായി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറി. 2018-19 സീസണിൽ സീനിയർ വനിതാ ഏകദിന ടൂർണമെൻ്റിൽ കളിച്ച താരം ടീമിൽ കാര്യമായ അവസരങ്ങൾ ലഭിക്കാത്തതിനാൽ ഇക്കഴിഞ്ഞ ടി-20 സീസണിൽ നാഗാലാൻഡിലേക്ക് മാറി. അരുണാചൽ പ്രദേശിനെതിരായ ആദ്യ മത്സരത്തിൽ 76 പന്തുകൾ നേരിട്ട് നേടിയ 162 റൺസ് അടക്കം സീസണിൽ ഒരു സെഞ്ചുറിയും നാല് ഫിഫ്റ്റിയും. കേരളത്തിനെരെയും അടിച്ചു ഒരു ഫിഫ്റ്റി. ആകെ റൺസ് 525, ആവറേജ് 131. സിക്സ് 35. ഇതെല്ലാം ടൂർണമെൻ്റ് റെക്കോർഡ് ആയിരുന്നു. അരുണാചലിനെതിരായ 162 റൺസ്, ടി-20യിൽ 150 റൺസ് വ്യക്തിഗത സ്കോർ നേടുന്ന ആദ്യ ഇന്ത്യൻ താരം (വനിതാ, പുരുഷ താരങ്ങളിൽ) എന്ന റെക്കോർഡും നവ്ഗിരെയ്ക്ക് നൽകി.
എംഎസ് ധോണിയാണ് നവ്ഗിരെയുടെ ആരാധനാപാത്രം. അനായാസം സിക്സറുകൾ നേടാനുള്ള ധോണിയുടെ കഴിവ് നവ്ഗിരെയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അത് തന്നെയാണ് നവ്ഗിരെയുടെയും ശൈലി.