അടിമാലി: കാറുകള്‍ വാടകക്കെടുത്ത് ഉടമകളറിയാതെ മറിച്ച് വില്പന നടത്തിവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ഇരുനൂറേക്കര്‍ മോളത്ത് ജയമോനെയാണ് (37) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. തോക്കുപാറ പള്ളിപ്പുറം വീട്ടില്‍ അനില്‍കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.
അനില്‍കുമാറിന്റെ കെ.എല്‍ 68 എ 9143 നമ്പര്‍ കാറാണ് ജയമോന് 2,35,000 രൂപക്ക് വിറ്റത്. ഈ കാര്‍ പൊലീസ് കണ്ടെത്തി. വിവാഹ അവശ്യം പറഞ്ഞ് കഴിഞ്ഞ ജനുവരി 15നാണ് മാസവാടക വ്യവസ്ഥയിൽ കാര്‍ വിട്ടുനല്‍കിയത്.
ഒരുമാസം കഴിഞ്ഞ് വാടക ആവശ്യപ്പെട്ടപ്പോൾ ടൂറിലാണെന്നും തിരികെ വരുമ്പേള്‍ നല്‍കാമെന്നും പറഞ്ഞു. രണ്ട് മാസം കഴിഞ്ഞിട്ടും വാടകയോ കാര്‍ മടക്കി നല്‍കുകയോ ചെയ്തില്ല. സംശയം തോന്നിയ അനില്‍കുമാര്‍ സ്വന്തമായി അന്വേഷണം നടത്തിയതോടെ തട്ടിപ്പ് മനസ്സിലായി. തുടര്‍ന്ന് അടിമാലി പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ വിറ്റതായി കണ്ടെത്തിയത്. വാങ്ങിയ ആളില്‍നിന്ന് കാര്‍ കസ്റ്റഡിയിലെടുക്കുകയും ജയമോനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സമാനരീതിയില്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയില്‍ മറ്റൊരു കാറും വാടകക്കെടുത്ത് മറിച്ച് വിറ്റതായി അന്വേഷണത്തിൽ തെളിഞ്ഞു. ഈ വാഹനവും അടിമാലി പൊലീസ് കണ്ടെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാൾ ഇത്തരം തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ ജയമോനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് പൊലീസ്. പ്രതിയെ റിമാൻഡ് ചെയ്തു. അടിമാലി എസ്.ഐ ടി.പി. ജൂഡി, എ.എസ്.ഐ അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.