അടൂർ ബിവറേജസ് ഔട്ട്ലറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ മൊഴിയിൽ ദുരൂഹതയേറുന്നു. ബിവറേജസ് ജീവനക്കാരും സംശയ നിഴലിലായി. ബൈപാസ് റോഡരികിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷെൻറ വിദേശമദ്യശാലയിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായവരെ അടൂർ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തപ്പോഴാണ് സംശയത്തിെൻറ നിഴൽ വീഴ്ത്തിയത്. പ്രതികളായ പശ്ചിമബംഗാൾ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ഗോൽപോക്കർ സ്വദേശി സംഷാദ് (28), ഇതേ ജില്ലയിലെ ബാബൻബാരി സ്വദേശി ജെഹിർ ആലം (20) എന്നിവരുമായാണ് തെളിവെടുത്തത്.
മോഷണരീതി ഇവർ പൊലീസിന് കാണിച്ചുകൊടുത്തു. ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ് നേതൃത്വം നൽകി. തുടർന്ന് കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പുകൾക്കുമായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ഷട്ടർ തകർത്ത് മുപ്പതിനായിരത്തിൽപരം രൂപയുടെ വിദേശ മദ്യവും മൊബൈൽ ഫോണുകളും സി.സി.ടി.വി ഡി.വി.ആറുകളും അപഹരിച്ചെന്നാണ് ബിവറേജസ് ഔട്ട്ലറ്റ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ, രണ്ടു കുപ്പി ബിയറും സി.സി.ടി.വിയുടെ ഡി.വി.ആറുകളും മാത്രമാണ് തങ്ങൾ മോഷ്ടിച്ചതെന്നാണ് അറസ്റ്റിലായവർ മൊഴി നൽകിയതെന്ന് അറിയുന്നു.
ആറുമാസത്തിലൊരിക്കലാണ് ഔട്ട്ലറ്റുകളിൽ സ്റ്റോക്ക് തിട്ടപ്പെടുത്തുന്നത്. മോഷണത്തെ തുടർന്ന് മണിക്കൂറുകൾ മാത്രം എടുത്ത് തട്ടിക്കൂട്ട് സ്റ്റോക്കെടുപ്പാണ് നടത്തിയത്. ശരിയായ കണക്കെടുപ്പിന് ഈ സമയം തികയില്ലെന്നാണ് അന്വേഷണ വിദഗ്ധരുടെ കണക്കുകൂട്ടൽ. പ്രതികളുടെ മൊഴിയും അവർ പൊലീസിൽ നൽകിയ ഡി.വി.ആറും സി.സി.ടി.വി ദൃശ്യങ്ങളും ഇവർ വലിയൊരു മോഷണം നടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ജീവനക്കാർ പറയുന്ന തരത്തിൽ മോഷണം നടത്തണമെങ്കിൽ വാഹനവും സന്നാഹങ്ങളും ആവശ്യമാണ്. ഇതിനു മുമ്പും ബിവറേജസ് ഔട്ട്ലറ്റിൽ മദ്യക്കുപ്പികൾ കാണാതെ പോയിട്ടുണ്ടത്രെ. ഇവിടത്തെ അഴിമതികൾക്ക് സഹായകമായാണ് മോഷണം നടന്നത്.
മേയ് ആറിന് രാവിലെ ജീവനക്കാർ മദ്യശാല തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഷട്ടർ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ മേശകളും അലമാരയും തകർത്തിരുന്നു.