ഐപിൽ 2022 സീസൺ അന്തിമത്തിലേക്ക്: പന്ത് ആകാശം തൊടീച്ച വമ്പനടിക്കാർ ആരെല്ലാം?; കൂടുതൽ സിക്സറുകൾ വഴങ്ങിയത് ആർസിബി; കണക്കുകൾ അറിയാം

ഫൈനലിന് അടുത്തെത്തി നിൽക്കുന്ന ഇത്തവണത്തെ ഐപിഎൽ സീസൺ സിക്സറുകളുടെ എണ്ണത്തിൽ റെക്കോർ‍ഡിട്ടു കഴിഞ്ഞു.1037 സിക്സറുകളാണ് സീസണിൽ ഇതുവരെ പിറന്നത്. ഐപിഎലിന്റെ ചരിത്രത്തിലെ സർവകാല റെക്കോർഡാണിത്. ഒരു സീസണിൽ ആകെ സിക്സറുകൾ 1000 കടക്കുന്നത് ഇതാദ്യം.

കൂടുതൽ സിക്സർ പിറന്ന 6 സീസണുകൾ (ബ്രാക്കറ്റിൽ മത്സരങ്ങൾ)

2022– 1037 (72)

2018–872 (60)

2019– 784(60)

2020–734(60)

2012–731(76)

2014–714(60)

സിക്‌സർ ബട്‌ലർ

ഈ സീസണിൽ ഏറ്റവുമധികം സിക്സറടിച്ചതു രാജസ്ഥാൻ താരം ജോസ് ബട്‌ലറാണ്; 39 സിക്സർ. 34 സിക്സറുമായി പഞ്ചാബ് താരം ലിയാം ലിവിങ്സ്റ്റനാണ് രണ്ടാമത്. കൊൽക്കത്തയുടെ ആന്ദ്രെ റസൽ മൂന്നാമത് (32).

സീസണിൽ ഇതുവരെ കൂടുതൽ സിക്സർ നേടിയ ടീം രാജസ്ഥാന്‍ ആണ് 116.113 സിക്സറുമായി കൊൽക്കത്ത രണ്ടാമത്.

5 പന്തുകളിൽ ഒരു സിക്സ് എന്ന രീതിയിലായിരുന്നു ഈ സീസണിൽ മുംബൈ ഇന്ത്യൻസ് ബാറ്റർ ടിം ഡേവിഡിന്റെ ബാറ്റിങ്. ബോൾ–സിക്സ് അനുപാതത്തിൽ മുന്നിൽ ടിം ഡേവിഡാണ്.

താരം, സിക്സറുകൾ, പന്തുകൾ, ബോൾ–സിക്സ് അനുപാതം

ടിം ഡേവിഡ്– 16– 86– 5.37

ആന്ദ്രെ റസൽ– 32– 192– 6

ലിയാം ലിവിങ്സ്റ്റൻ–34– 240– 7.05

ദിനേഷ് കാർത്തിക്– 21–150–7.14

വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ‌്‌ലാണ് സിക്സുകളിലും ഐപിഎലിലെ ബോസ്. 141 ഐപിഎൽ മത്സരങ്ങളിൽ നിന്ന് ഗെയ്‌ൽ അടിച്ചെടുത്തത് 357 സിക്സർ.

ക്രിസ് ഗെയ്‌ൽ : 357

എബി ഡിവില്ലിയേഴ്സ്: 251

രോഹിത് ശർമ: 240

ഈ സീസണിലെ നീളമേറിയ സിക്സർ പറത്തിയത് പഞ്ചാബ് കിങ്സ് ബാറ്റർ ലിയാം ലിവിങ്സ്റ്റനാണ്. ഗുജറാത്തിനെതിരെ ലിവിങ്സ്റ്റൻ അടിച്ച സിക്സർ 117 മീറ്റർ ദൂരം പറന്നതിനു ശേഷമാണ് നിലംതൊട്ടത്.

136 സിക്സറുകളാണ് ഇത്തവണ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീം വഴങ്ങിയത്. ഒരു ഐപിഎൽ സീസണിൽ കൂടുതൽ സിക്സർ വഴങ്ങിയ ടീമെന്ന നാണക്കേടും ഇപ്പോൾ ബാംഗ്ലൂരിനൊപ്പം.

ബാംഗ്ലൂരിന്റെ മുഹമ്മദ് സിറാജും വാനിന്ദു ഹസരംഗയുമാണ് ഈ സീസണിൽ‌ കൂടുതൽ‌ സിക്സർ വഴങ്ങിയ ബോളർമാർ (28).

Leave A Reply