‘സഞ്ജുവിന്റെ ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്തരുത്; ഡാനിയൽ വെറ്റോറി: രാജസ്ഥാൻ ബാം​ഗ്ലൂർ മത്സരം ഇന്ന്

ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം ക്വാളിഫയറിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടാൻ ഒരുങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. ഓപ്പണർ ജോസ് ബട്‍ലറെയും ക്യാപ്റ്റൻ സഞ്ജു സാംസണെയും ആശ്രയിച്ചാണ് രാജസ്ഥാന്റെ ‌ബാറ്റിങ് പ്രതീക്ഷകള്‍. ഇരുവരും തിളങ്ങിയാൽ ബാംഗ്ലൂരിനെതിരെ വമ്പൻ സ്കോറിലെത്താമെന്ന് രാജസ്ഥാൻ കണക്കുകൂട്ടുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 26 പന്തുകൾ നേരിട്ട സഞ്ജു 47 റണ്‍സെടുത്തു പുറത്തായിരുന്നു.

ആദ്യ പന്തു മുതൽ തന്നെ ബൗണ്ടറികൾ നേടാൻ ശ്രമിക്കുന്ന സഞ്ജുവിന്റെ ശൈലിക്കെതിരെ സീസണിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തന്റെ രീതികൾ തുടരാനാണു തീരുമാനമെന്ന് അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സഞ്ജു വ്യക്തമാക്കി. സഞ്ജു തന്റെ ബാറ്റിങ് രീതി അതേപോലെ തുടരുന്നതാണു നല്ലതെന്നാണ് ന്യൂസീലൻഡ് മുന്‍ ക്യാപ്റ്റൻ ഡാനിയൽ വെറ്റോറി പറയുന്നത്. സഞ്ജുവിന് ബാറ്റിങ്ങിൽ ഒരു രീതിയാണ് അറിയുന്നത്. അദ്ദേഹം അതു തുടരുകയാണു വേണ്ടത്– വെറ്റോറി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘സഞ്ജുവിന്റെ ബാറ്റിങ് ആകാംക്ഷയോടെയാണു കണ്ടിരുന്നത്. സഞ്ജു കൂടുതൽ നേരം ബാറ്റു ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. എന്നാൽ വളരെ പ്രധാനപ്പെട്ട ഈ മത്സരത്തിൽ അദ്ദേഹം തന്റെ സ്റ്റൈൽ മാറ്റുമെന്നു കരുതുന്നില്ല. സഞ്ജു ഏറെ നേരം ക്രീസിൽനിന്നാൽ കളി ജയിക്കാന്‍ പാകത്തിലുള്ള പ്രകടനമുണ്ടാകുമെന്ന് ഉറപ്പാണ്’– വെറ്റോറി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന ആദ്യ ക്വാളിഫയറിൽ രാജസ്ഥാനെ തോൽപിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിലെത്തിയിരുന്നു.

രാജസ്ഥാൻ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കെ ഗുജറാത്ത് മറികടക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 188 റൺസെടുത്തത്. ഓപ്പണർ ജോസ് ബട്‌‍ലർ 56 പന്തിൽ 89 റൺസെടുത്തു. 26 പന്തുകൾ നേരിട്ട ക്യാപ്റ്റൻ സഞ്ജു 47 റൺസെടുത്താണു പുറത്തായത്. മൂന്ന് സിക്സും അഞ്ച് ഫോറും ബൗണ്ടറി കടത്തിയ താരം സായ് കിഷോറിന്റെ പന്തിൽ അൽസാരി ജോസഫിന് ക്യാച്ച് നൽകിയാണു പുറത്തായത്.

Leave A Reply