പട്ന: ബിഹാറിലെ മോത്തിഹാരിയില്‍ 40 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറിനുള്ളില്‍ ഭ്രൂണം.
വയറു വേദന കാരണം മോത്തിഹാരിയിലെ റഹ്മാനിയ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു .പരിശോധിച്ചപ്പോള്‍ വയറ് വേദനയുടെ കാരണം കണ്ട് ഡോക്ടര്‍മാരും വിവരമറിഞ്ഞ ബന്ധുക്കളും ഒരേ പോലെ ഞെട്ടി.
കുഞ്ഞിന്റെ വയറ്റില്‍ ഒരു ഭ്രൂണം വളരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ ഇടുപ്പെല്ലിന് സമീപമുള്ള ഭാഗം വീര്‍ത്തതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു . വയറു വീര്‍ക്കുന്നതിനാല്‍ കുഞ്ഞിന് ശരിയായ വിധം മൂത്രമൊഴിക്കാന്‍ പോലും സാധിച്ചിരുന്നില്ല.അമ്മയുടെ വയറ്റിലായിരിക്കുമ്ബോള് തന്നെ കുഞ്ഞിന്റെ വയറ്റില്‍ ഭ്രൂണം വികസിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത്തരം കേസുകള്‍ വളരെ അപൂര്‍വ്വമായി നടക്കുന്നതാണെന്നും മെഡിക്കല്‍ ഭാഷയില്‍ ഇതിനെ ഫെറ്റസ് ഇന്‍ ഫെറ്റു എന്നാണ് വിളിക്കുന്നതെന്നും റഹ്മാനിയ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ഒമര്‍ തബ്രെസ് പറഞ്ഞു.
10 ലക്ഷം കേസുകളില്‍ 5 പേര്‍ക്ക് സംഭവിക്കുന്ന അപൂര്‍വ കേസാണിത്. കുട്ടിയുടെ നില വഷളാകാന്‍ തുടങ്ങിയതോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വയറ്റില്‍ നിന്നും ഭ്രൂണം പുറത്തെടുത്തു. ഓപറേഷന് ശേഷം കുഞ്ഞ് പൂര്‍ണമായും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു.