ഡെങ്കിപ്പനി പ്രതിരോധം: ഡെങ്കി ഹർത്താൽ ക്യാമ്പയിൻ ആരംഭിച്ചു

എറണാകുളം: ജില്ലയിൽ ഡെങ്കിപ്പനി പ്രതിരോധത്തിനായി ഡെങ്കി ഹർത്താൽ ക്യാമ്പയിൻ ആരംഭിച്ചു. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് നടത്തുന്ന ഉറവിട നശീകരണ ബോധവത്ക്കരണ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടർ ജാഫർ മാലിക് നിർവഹിച്ചു.

ഡെങ്കിപ്പനി പ്രതിരോധത്തിനായി എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് കളക്ടർ പറഞ്ഞു.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധത്തിനായി ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നത്.
ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ കൊതുകു വളരുന്ന സാഹചര്യം ഉണ്ടോയെന്ന് പരിശോധിക്കുകയും, ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.
ആഴ്ചതോറും വീടും, ചുറ്റുപാടും, സ്ഥാപനങ്ങളും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണം.
ഇതിനായി ഞായറാഴ്ചകളിൽ വീടുകളിലും, വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും, പൊതുസ്ഥലങ്ങളിലും ഉറവിടന ശീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഡെങ്കി ബോധവത്കരണ ലഘുലേഖ ജില്ലാ വികസന കമ്മിഷണർ എ.ഷിബുവിനും ആരോഗ്യജാഗ്രതാ നോട്ടീസ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവലിനും കൈമാറി ജില്ലാ കളക്ടർ പ്രകാശനം ചെയ്തു.
അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. വിനോദ് പൗലോസ് എന്നിവർ സംസാരിച്ചു. ക്യാമ്പയിനിൻ്റെ ഭാഗമായി കളക്ട്രേറ്റ് പരിസരങ്ങളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി.
Leave A Reply