ആറുമാസത്തിലേറെയായി നായുടെ വായില്‍ കുടുങ്ങിയ പന്ത് പുറത്തെടുത്തു

കുന്നംകുളം: ആറുമാസത്തിലേറെയായി വായില്‍ കുടുങ്ങിയ പ്ലാസ്റ്റിക് പന്തുമായി നടന്ന നായുടെ വായില്‍നിന്ന് പന്ത് നീക്കി.നെഹ്റു നഗര്‍ വാര്‍ഡില്‍ റോയല്‍ ആശുപത്രിക്ക് പിറകിലെ വീടുകളിലെ നിത്യസന്ദര്‍ശകനാണ് നായ്. ഭക്ഷണം കഴിക്കുന്നതിനിടെ ഐസ്ക്രീമിന്‍റെ പ്ലാസ്റ്റിക് പന്ത് വായില്‍ കുടുങ്ങുകയായിരുന്നെന്ന് കരുതുന്നു.വാര്‍ഡ് കൗണ്‍സിലര്‍ ലെബീബ് ഹസന്റെ ശ്രദ്ധയില്‍പെട്ടതോടെ മൃഗസ്നേഹികളായ പലരും മാസങ്ങളായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ആളുകള്‍ അടുത്തെത്തുമ്ബോള്‍ നായ് ഓടിപ്പോകുകയായിരുന്നു . പിന്നീട് കുറെസമയത്തേക്ക് ഇവിടേക്ക് വരാതിരിക്കലാണ് പതിവ്. സ്ഥിരമായി രാവിലെ ഭക്ഷണം കഴിക്കാന്‍ പ്രദേശത്തെ ‘സ്മരണ്‍’ സി.എന്‍. അനൂജന്റെ വീട്ടില്‍ നായ് എത്തിയിരുന്നു. വീട്ടിലെ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം അനൂജും ഭാര്യ നിഷയും എല്ലാ ദിവസം ഈ നായ്ക്കുകൂടി ഭക്ഷണം നല്‍കുക പതിവാണ്.

വായില്‍ കുടുങ്ങിയ പന്ത് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ചെറിയതോതില്‍ സ്ഥിരമായി ഭക്ഷണം കഴിക്കും . കൂടുതലും പാനീയരൂപത്തിലുള്ള ഭക്ഷണങ്ങളാണ് കഴിച്ചിരുന്നത്. വായില്‍ കുടുങ്ങിയ പന്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ ദ്രാവകം വരാന്‍ തുടങ്ങിയതോടെ ആളുകള്‍ക്ക് ബുദ്ധിമുട്ടായി. നായുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് നിരവധി ആളുകള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റുകള്‍ ഇടുക പതിവായിരുന്നു.
പന്ത് എടുക്കാനുള്ള പല ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ആനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹായം തേടിയത്. തൃശൂരില്‍നിന്നെത്തിയ രാമചന്ദ്രന്‍ വലയിട്ട് പിടിച്ച്‌ ഇന്‍ജക്ഷന്‍ നല്‍കി മയക്കിയാണ് പുറത്തെടുത്തത്.

Leave A Reply