വഴിയോര വിശ്രമകേന്ദ്രത്തിലെ ശുചിമുറി മാലിന്യം പുറത്തേക്കൊഴുകി

കൊയിലാണ്ടി: നഗരത്തിന്റെ പ്രധാന കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന വഴിയോര വിശ്രമകേന്ദ്രത്തിലെ ശുചിമുറിയില്‍നിന്നുള്ള മാലിന്യം പുറത്തേക്ക് ഒഴുകി .തിരക്കേറിയ സ്ഥലത്ത് അനുഭവപ്പെട്ട ദുര്‍ഗന്ധം ജനത്തെ വലച്ചു.ഹെഡ് പോസ്റ്റ് ഓഫിസിനോടു ചേര്‍ന്ന് താലൂക്ക് ആശുപത്രിയുടെ മുന്നിലായാണ് വഴിയോര വിശ്രമ കേന്ദ്രം നിലകൊള്ളുന്നത് . ഇതിന് തൊട്ടടുത്തുള്ള ടാക്സി സ്റ്റാന്‍ഡിലേക്കാണ് മലിനജലം ഒഴുകിയത്. ഇതോടെ ഡ്രൈവര്‍മാര്‍ക്കും അവിടെ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയായി മാറി . ജനത്തിനു വഴിമാറി പോകേണ്ട അവസ്ഥയായിരുന്നു . പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി.

ബ്ലീച്ചിങ് പൗഡര്‍ വിതറി താല്‍ക്കാലിക പരിഹാരം കാണുകയായിരുന്നു. 20 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വിശ്രമകേന്ദ്രം രണ്ടുമാസം മുമ്ബാണ് ഉദ്ഘാടനം ചെയ്തത്. വേണ്ട സൗകര്യമില്ലാത്ത സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചതാണ് വിനയായത്. ആശുപത്രി, പോസ്റ്റ് ഓഫിസ്, രജിസ്ട്രാര്‍ ഓഫിസ്, ട്രഷറി, കോടതി തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നിടത്തെ മലിനജലച്ചോര്‍ച്ച കടുത്ത പ്രതിഷേധത്തിനിടയാക്കി. രണ്ടു ശുചിമുറി, വനിത സൗഹൃദ കേന്ദ്രം, ഫീഡിങ് കോര്‍ണര്‍ എന്നിവയാണ് വിശ്രമകേന്ദ്രത്തിലുള്ളത്. കാന്റീനും തുടങ്ങിയിട്ടുണ്ട്.

Leave A Reply