പയ്യോളി: കോവിഡാനന്തരം പാസഞ്ചര്‍ ട്രെയിനുകള്‍ ഏറെക്കാലമായി ഓടിത്തുടങ്ങിയിട്ടും ഇരിങ്ങലില്‍ മുമ്ബ് നിര്‍ത്തിയിരുന്ന ട്രെയിനുകള്‍ക്കുള്ള സ്റ്റോപ് പുനഃസ്ഥാപിക്കാത്തതില്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് വ്യാഴാഴ്ച മുതല്‍ മൂന്നു ട്രെയിനുകള്‍ക്ക് സ്റ്റേഷനില്‍ സ്റ്റോപ് പുനഃസ്ഥാപിച്ചു .രാവിലെ ഏഴരക്കുള്ള ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്കു പോകുന്ന മെമു, ഉച്ചക്ക് മൂന്നിന് എത്തുന്ന കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കുള്ള ട്രെയിന്‍, വൈകീട്ട് 6.21ന് കണ്ണൂരില്‍നിന്ന് ഷൊര്‍ണൂര്‍ വരെ പോകുന്ന ട്രെയിനുകള്‍ക്കുമാണ് ഇരിങ്ങലില്‍ സ്റ്റോപ് അനുവദിച്ചത്.
എന്നാല്‍, കോവിഡിനുമുമ്ബ് ഇവിടെ നിര്‍ത്തിയിരുന്ന കണ്ണൂര്‍-കോയമ്ബത്തൂര്‍ പാസഞ്ചര്‍ ട്രെയിനിന് സ്റ്റോപ് അനുവദിച്ചതായി ഉത്തരവിലില്ല. ഇരിങ്ങലില്‍ നിര്‍ത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.പിന്നീട് റെയില്‍വേ പാസഞ്ചര്‍ അമനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ്, കെ. മുരളീധരന് എം.പി, കാനത്തില്‍ ജമീല എം.എല്‍.എ എന്നിവരുടെ ഇടപെടലും നടപടിക്ക് സഹായകമായി. വ്യാഴാഴ്ച രാവിലെ ഇരിങ്ങലില്‍ എത്തുന്ന ട്രെയിനിന് സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് കര്‍മസമിതി.