ബാലുശ്ശേരി: ബാലുശ്ശേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പഠിക്കാൻ സാധിക്കും . ഗേള്‍സ് സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.നിലവില്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചുമുതല്‍ 10 വരെ ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ മാത്രവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുമാണ് പഠിക്കുന്നത്. ഇവിടെയുള്ള യു.പി, എച്ച്.എസ് വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കുകൂടി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ അധികൃതരും പി.ടി.എയും സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നു.
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെയും ലിംഗസമത്വം ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായാണ് ഗേള്‍സ് സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കുകൂടി പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്.യൂനിഫോം ഏകീകരണവുമായി ബന്ധപ്പെട്ട ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ ബാലുശ്ശേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംസ്ഥാനതലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. 40 വര്‍ഷത്തോളമായി പെണ്‍കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിച്ചത്.
നേരത്തേയുണ്ടായിരുന്ന ബാലുശ്ശേരി ഗവ. ഹൈസ്കൂള്‍ 1984 ലാണ് ബോയ്സ് സ്കൂളും ഗേള്‍സ് സ്കൂളുമായി വിഭജിച്ചത്. പെണ്‍കുട്ടികള്‍ മാത്രമുള്ള യു.പി, ഹൈസ്കൂള്‍ വിഭാഗത്തില്‍ ആയിരത്തോളം വിദ്യാര്‍ഥിനികള്‍ പഠിക്കുന്നുണ്ട്.ഹയര്‍ സെക്കന്‍ഡറിയില്‍ 500 ഓളം വിദ്യാര്‍ഥികളുമുണ്ട്. തൊട്ടടുത്തുള്ള ബോയ്സ് ഹൈസ്കൂളില്‍ കഴിഞ്ഞവര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കിയിട്ടുണ്ട്.