വനിത ടി20 ചലഞ്ച്: സബ്ബിനേനിയ്ക്കും ജമീമയ്ക്കും ഫിഫ്റ്റി; ട്രെയിൽബ്ലേസേഴ്സിന് കൂറ്റൻ സ്കോർ

വനിതാ ടി-20 ചലഞ്ചിൽ വെലോസിറ്റിക്കെതിരെ ട്രെയിൽബ്ലേസേഴ്സിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ട്രെയിൽബ്ലേസേഴ്സ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 190 റൺസ് നേടി. ടി-20 ചലഞ്ചിലെ ഏറ്റവും ഉയർന്ന സ്കോർ ആണിത്. 47 പന്തിൽ 7 ബൗണ്ടറിയും 4 സിക്സറും സഹിതം 73 റൺസെടുത്ത സബ്ബിനേനി മേഘന ട്രെയിൽബ്ലേസേഴ്സിൻ്റെ ടോപ്പ് സ്കോററായി. 44 പന്തിൽ 7 ബൗണ്ടറിയും ഒരു സിക്സറും സഹിതം 66 റൺസെടുത്ത ജമീമ റോഡ്രിഗസും തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. വെലോസിറ്റിക്കായി സിംറാൻ ബഹാദൂർ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇന്നത്തെ കളിയിൽ വ്യത്യസ്തമായ ഓപ്പണിംഗ് സഖ്യമാണ് ട്രെയിൽബ്ലേസേഴ്സിനായി കളത്തിലിറങ്ങിയത്. ക്യാപ്റ്റൻ സ്മൃതി മന്ദനയ്ക്കൊപ്പം ക്രീസിലെത്തിയത് സബ്ബിനേനി മേഖന ആയിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ട് ബൗണ്ടറിയടിച്ചാണ് സബ്ബിനേനി ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ, ഒരു റൺസ് മാത്രമെടുത്ത് ക്യാപ്റ്റൻ സ്മൃതി മന്ദന പുറത്തായത് അവർക്ക് തിരിച്ചടിയായി. കേറ്റ് ക്രോസിനായിരുന്നു വിക്കറ്റ്.

സ്മൃതിയെ നേരത്തെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച സബ്ബിനേനി മേഘനയും ജമീമ റോഡ്രിഗസും ചേർന്ന് ട്രെയിൽബ്ലേസേഴ്സിനെ മുന്നോട്ടുനയിച്ചു. സബ്ബിനേനി ആയിരുന്നു കൂടുതൽ അപകടകാരി. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ താരം വെറും 32 പന്തുകളിൽ ഫിഫ്റ്റി തികച്ചു. 36 പന്തുകളിൽ ജമീമയും ഫിഫ്റ്റി തികച്ചു. 113 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനു ശേഷം സബ്ബിനേനി മടങ്ങി. സ്നേഹ് റാണയാണ് താരത്തെ മടക്കിയത്.

സബ്ബിനേനി മടങ്ങിയതോടെ ഹെയ്ലി മാത്യൂസും ജമീമ റോഡ്രിഗസും ചേർന്ന് സ്കോറിംഗ് മുന്നോട്ടുനയിച്ചു. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം 31 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിനിടെ ജമീമയെ അയബോങ ഖാക്ക മടക്കി. നാലാം വിക്കറ്റിൽ ഹെയ്ലി മാത്യൂസ്-സോഫിയ ഡങ്ക്‌ലി സഖ്യവും ഗംഭീരമായി ബാറ്റ് വീശി. 8 പന്തുകളിൽ 19 റൺസെടുത്ത ഡങ്ക്‌ലിയെ സിംറാൻ ബഹാദൂർ അവസാന ഓവറിൽ പുറത്താക്കി. രാധാ യാദവിൻ്റെ അസാമാന്യ ക്യാച്ചിലാണ് താരം മടങ്ങിയത്. 15 പന്തുകളിൽ 27 റൺസെടുത്ത ഹെയ്‌ലി മാത്യൂസ് അവസാന പന്തിൽ പുറത്തായി.

Leave A Reply