ദേശീയ ഗെയിംസ് അഴിമതി കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് കായിക മന്ത്രി ബന്ധു ടിർകിയുടെ വീട് ഉൾപ്പടെ 16 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി. 2011ൽ റാഞ്ചിയിൽ നടന്ന 34ാം ദേശീയ ഗെയിംസിനാവശ്യമായ ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ ക്രമക്കേടുകൾ നടത്തി എന്നാണ് ആരോപണം. ഈ സംഭവത്തിൽ സംസ്ഥാന അഴിമതി വിരുദ്ധ ബ്രാഞ്ച് കേസ് എടുത്ത് പിന്നീട് സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു.
ടിർക്കിയെ കൂടാതെ ദേശീയ ഗെയിംസിന്റെ സംഘാടക സമിതി അംഗമായിരുന്ന എ.ആർ ആനന്ദ്, ജാർഖണ്ഡ് സ്പോർട്സ് ഡയറക്ടറായിരുന്ന പി.സി മിശ്ര, ദേശീയ ഗെയിംസ് ഓർഗനൈസിങ് സെക്രട്ടറി എച്ച്.എം. ഹാഷ്മി എന്നിവരുടെ സ്ഥലങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തി. അടുത്തിടെ, അനധികൃത സ്വത്ത് സമ്പാദനകേസിൽ ജാർഖണ്ഡ് കോടതി ടിർകിയെ ശിക്ഷിച്ചിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ നിയമസഭ അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു. ജാർഖണ്ഡ് വികാസ് മോർച്ച അധ്യക്ഷനായിരുന്ന ബാബുലാൽ മാരാദിയുടെ വലംകൈയായിരുന്ന ടിർകി 2020ൽ കോൺഗ്രസിൽ ചേർന്നിരുന്നു.