സഞ്ജുവിനു കഴിയാത്തത് രജതിനു കഴിഞ്ഞു; പാടിദാറിന്റെ ഇന്നിം​ഗസിനെ പുകഴ്ത്തി മാത്യു ഹെയ്ഡൻ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം രജത് പാടിദാറിനെ പുകഴ്ത്തി ഓസ്ട്രേലിയയുടെ മുൻ താരം മാത്യു ഹെയ്ഡൻ. ഗുജറാത്ത് ടൈറ്റൻസിനെതിരെ സഞ്ജു സാംസണു കഴിയാത്തത് രജത് പാടിദാറിനു സാധിച്ചു. അത് അയാളുടെ രാത്രിയായിരുന്നു എന്നും ഹെയ്ഡൻ പറഞ്ഞു. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ എലിമിനേറ്ററിൽ തകർപ്പൻ സെഞ്ചുറിയടിച്ച പാടിദാർ ബാംഗ്ലൂരിനെ വിജയിപ്പിച്ചിരുന്നു.

“സഞ്ജുവിനു സാധിക്കാതിരുന്നത് രജതിനു കഴിഞ്ഞു. അത് അയാളുടെ രാത്രിയായിരുന്നു. അയാളുടെ വാഗൺ വീൽ നോക്കൂ. ഓൺസൈഡിലൂടെ അയാൾ ചില വമ്പൻ ഷോട്ടുകൾ കളിച്ചു. ഒപ്പം, ഓഫ്‌സൈഡിലൂടെയും ചില മനോഹര ഷോട്ടുകൾ കളിച്ചു. തകർപ്പൻ ഇന്നിംഗ്സ്.”- ഹെയ്ഡൻ പറഞ്ഞു.

എലിമിനേറ്ററിൽ 49 പന്തുകളിൽ നിന്ന് സെഞ്ചുറി തികച്ച പാടിദാർ 54 പന്തുകൾ നേരിട്ട് 12 ബൗണ്ടറിയും 7 സിക്സറും സഹിതം 112 റൺസ് നേടി പുറത്താവാതെ നിന്നു. ഈ ഇന്നിംഗ്സിൻ്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 4 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടാനേ ലക്നൗവിനു സാധിച്ചുള്ളൂ.

ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയറിൽ സഞ്ജു 26 പന്തുകളിൽ 47 റൺസെടുത്ത് പുറത്തായിരുന്നു. കളിയിൽ രാജസ്ഥാൻ മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം ഗുജറാത്ത് അവസാന ഓവറിൽ മറികടന്നു.

Leave A Reply