പി സി ജോര്‍ജ് മജിസ്‌ട്രേറ്റിന്റെ മുന്നിലേക്ക്; മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കും

കൊച്ചി: മത വിദ്വേഷ പ്രസംഗകേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ അല്‍പ സമയത്തിനകം വഞ്ചിയൂര്‍ കോടതിക്കുള്ളില്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കും. 7.45ഓടെ പി സി ജോര്‍ജിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പി സി ജോര്‍ജിനെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജാരാക്കാനാണ് മുന്‍പ് പൊലീസ് ആലോചിച്ചിരുന്നത്. അനീസ ബീവി എന്ന മജിസ്‌ട്രേറ്റാണ് ഈ കേസ് പരിഗണിക്കുന്നത്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് രാവിലെ പി സി ജോര്‍ജിനെ മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കാമെന്ന കാര്യത്തില്‍ തീരുമാനമാകുന്നത്.

അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോര്‍ട് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം പി.സി.ജോര്‍ജുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്. നടപടികളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ കിടക്കുന്ന ആളല്ലെന്നും പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി തന്നെ ഓണ്‍ലൈനായി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഷോണിനെ ആദ്യഘട്ടത്തില്‍ എആര്‍ ക്യമ്പിനകത്തേക്ക് കയറ്റാന്‍ പൊലീസ് അനുവദിച്ചിട്ടില്ല. പിന്നീട് ഷോണിനെ പൊലീസ് ക്യാമ്പിനുള്ളിലേക്ക് പോകാനായി അനുവദിച്ചു.

വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ജിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയില്‍ രക്തസമ്മര്‍ദത്തില്‍ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂര്‍ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് രാത്രി 9.30 ഓടെ പൊലീസ് സംഘം ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.

Leave A Reply