‘പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചതിന് പിന്നില്‍ ഗൂഢാലോചന’; റിമാന്റ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്

കൊച്ചി: മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ റിമാന്റ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. പി സി ജോര്‍ജ് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമം നടത്തിയെന്നതാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. നിയമനടപടിയെടുത്തിട്ടും വീണ്ടും വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന ഗുരുതരമായ ആരോപണവും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. ജോര്‍ജിനെ വെറുതെ വിട്ടാല്‍ സമാന കുറ്റങ്ങള്‍ ആവര്‍ത്തിക്കുമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പി സി ജോര്‍ജിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. പി സി ജോര്‍ജിനെ വെറുതെ വിട്ടാല്‍ സമാന കുറ്റങ്ങള്‍ ആവര്‍ത്തിക്കും. മത സ്പര്‍ദ്ധയുണ്ടാക്കാന്‍ മാത്രമാണ് വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പി സി ജോര്‍ജിനെ അല്‍പ്പ സമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഏഴുമണിയോടെ പി.സി.ജോര്‍ജിനെ തിരുവനന്തപുരം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും.

അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോര്‍ട് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം പി.സി.ജോര്‍ജുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്.

നടപടികളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ കിടക്കുന്ന ആളല്ലെന്നും പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി തന്നെ ഓണ്‍ലൈനായി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Leave A Reply