പി.സി.ജോർജിനെ അൽപ്പ സമയത്തിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കൊച്ചി: പി.സി.ജോർജിനെ അൽപ്പ സമയത്തിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഏഴുമണിയോടെ പി.സി.ജോർജിനെ തിരുവനന്തപുരം മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കും. അർദ്ധരാത്രി 12.35 ഓടെയാണ് ഫോർട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പി.സി.ജോർജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എആർ ക്യാമ്പിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. ജോർജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവർത്തകർ അഭിവാദ്യം ചെയ്തത്.

നടപടികളിൽ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയിൽ കിടക്കുന്ന ആളല്ലെന്നും പി.സി.ജോർജിൻറെ മകൻ ഷോൺ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി തന്നെ ഓൺലൈനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഷോണിനെ ആദ്യഘട്ടത്തിൽ എആർ ക്യമ്പിനകത്തേക്ക് കയറ്റാൻ പൊലീസ് അനുവദിച്ചിട്ടില്ല. പിന്നീട് ഷോണിനെ പൊലീസ് ക്യാമ്പിനുള്ളിലേക്ക് പോകാനായി അനുവദിച്ചു.

വൈകിട്ട് കൊച്ചിയിൽ വച്ചാണ് ഫോർട്ട് പൊലീസ് പിസി ജോർജിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജോർജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയിൽ രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശം ലഭിച്ച ശേഷമാണ് രാത്രി 9.30 ഓടെ പൊലീസ് സംഘം ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.

Leave A Reply