ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സ് മീറ്റില്‍ മലയാളി താരം നയനാ ജെയിംസിന്‌ സ്വര്‍ണം

ഭുവനേശ്വര്‍ (ഒഡീഷ): ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സ് മീറ്റിന്റെ വനിതാ വിഭാഗം ലോങ്‌ ജമ്പില്‍ മലയാളി താരം നയനാ ജെയിംസിന്‌ സ്വര്‍ണം. 6.37 മീറ്റര്‍ ചാടിയാണു നയന സ്വര്‍ണം നേടിയത്‌. മലയാളി താരം ആന്‍സി സോജന്റേയും ഷൈലി സിങ്ങിന്റേയും വെല്ലുവിളി അതിജീവിച്ചാണ്‌ നയനയുടെ സ്വര്‍ണം നേടിയത്‌.

ആന്‍സി 6.35 മീറ്റര്‍ ചാടി വെള്ളിയും ഉത്തര്‍പ്രദേശിന്റെ കൗമാര താരം ഷൈലി 6.27 മീറ്റര്‍ ചാടി വെങ്കലവും നേടി. ബംഗളുരുവിലെ അഞ്‌ജു ബോബി ജോര്‍ജിനു കീഴിലാണു ഷൈലി സിങ്‌ പരിശീലിക്കുന്നത്‌. നെയ്‌റോബിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ നടന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനു ശേഷം ആദ്യമായാണു ഷൈലി മത്സരിക്കുന്നത്‌.

26 വയസുകാരിയായ നയനയുടെ ആദ്യ രണ്ട്‌ അവസരങ്ങളും ഫൗളായി. മൂന്നാം റൗണ്ടില്‍ 6.30 മീറ്റര്‍ ചാടി. പിന്നാലെ ആന്‍സി 6.35 മീറ്റര്‍ ചാടി. നാലാം അവസരത്തിലാണു നയന 6.37 ലെത്തിയത്‌. ആന്‍സിയുടെ അവസാന രണ്ട്‌ അവസരങ്ങള്‍ ഫൗളായി.

Leave A Reply