ഹെറോയിൻ കേരള തീരം വഴി കടത്തിയതായി അന്വേഷണ സംഘത്തിനു വിവരം

കൊച്ചി∙ വിദേശത്തുനിന്നു കടൽമാർഗം 1,526 കോടി രൂപ വിലവരുന്ന ലഹരിമരുന്നു കടത്തിയ അതേ സംഘം ഒരു മാസം മുൻപും 200 കിലോ ഗ്രാമിലധികം ഹെറോയിൻ കേരള തീരം വഴി കടത്തിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇപ്പോൾ പിടിക്കപ്പെട്ട 218 കിലോഗ്രാം ഹെറോയിൻ തിരുവനന്തപുരം കളിയിക്കാവിള വഴി റോഡ് മാർഗം മുംബൈയിലേക്കു കടത്താനുള്ള വാഹനങ്ങൾ പ്രതികൾ ഒരുക്കിയിരുന്നു.

പാക്കിസ്ഥാൻ തീരം വഴിയെത്തിയ ചരക്കു കപ്പലിൽ നിന്നാണു പിടിക്കപ്പെട്ട 2 മത്സ്യബന്ധന ബോട്ടുകളിലേക്കു ഹെറോയിൻ ഇറക്കിയത്. ഈ ചരക്കുകപ്പൽ നേവിയുടെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. തീരസംരക്ഷണ സേനയും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) അറസ്റ്റ് ചെയ്ത സംഘത്തിൽ ഉൾപ്പെടുന്ന തിരുവനന്തപുരം സ്വദേശികളായ ഡി.ഫ്രാൻസിസ് (56), ടി.സുജൻ (28) എന്നിവരെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

സുജന്റെ ടെലിഫോൺ വിളി രേഖകളിൽ വിദേശത്തും ബിസിനസുള്ള മലയാളി വ്യാപാരിയുടെ ഫോൺ നമ്പറും കണ്ടെത്തിയതോടെ വളരെ കരുതലോടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിനാണു വൻതോതിൽ കേരള തീരത്തു പിടിക്കപ്പെടുന്നതെങ്കിലും ഒരുമാസം മുൻപു ഇറാനിൽ നിന്നാണു 200 കിലോഗ്രാം ഹെറോയിൻ 3 മത്സ്യബന്ധന ബോട്ടുകളിലായി കടത്തിക്കൊണ്ടു വന്നതെന്നാണ് ഇന്റലിജൻസ് വിവരം.

വിഴിഞ്ഞം വഴി കേരളതീരത്ത് എത്തിച്ച ലഹരിമരുന്നു ടി.സുജന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പൊഴിയൂരിനടുത്തുള്ള വാഹന വർക് ഷോപ്പിൽ എത്തിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. പിന്നീടതു വിതരണം ചെയ്യപ്പെട്ട വഴികളാണ് അന്വേഷണ സംഘം കണ്ടെത്താൻ ശ്രമിക്കുന്നത്. കേസിലെ വിദേശബന്ധം വ്യക്തമായതോടെ ദേശീയ അന്വേഷണ ഏജൻസിയും(എൻഐഎ) സമാന്തര അന്വേഷണം തുടങ്ങിയ‌ിട്ടുണ്ട്. ഇത്തവണ കടത്താൻ ശ്രമിച്ച 218 കിലോഗ്രാം ഹെറോയിനാണു ഡിആർഐ പിടികൂടിയത്.

കടൽമാർഗം വൻതോതിൽ ലഹരികടത്തുന്നതിന്റെ ഇന്റലിജൻസ് വിവരങ്ങൾ ഡിആർഐക്കു ചോർന്നുകിട്ടുന്നുണ്ടെങ്കിലും ലഹരികടത്തിന്റെ ഉറവിടത്തിലേക്ക് അന്വേഷിച്ചെത്താനുള്ള ശേഷി ഡിആർഐക്ക് ഇല്ലാത്തതാണു ലഹരികടത്ത് ആവർത്തിക്കാൻ വഴിയൊരുക്കുന്നത്.

Leave A Reply