ചിങ്ങവനം– ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാതയിൽ 23ന്‌ സുരക്ഷാ പരിശോധന നടത്തും

ചിങ്ങവനം– ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാതയിൽ 23ന്‌ സുരക്ഷാ പരിശോധന നടത്തും. ബംഗളൂരുവിൽ നിന്നുള്ള കമീഷൻ ഓഫ്‌ റെയിൽവേ സേഫ്‌റ്റി അഭയ്‌കുമാർ റായ്‌ ആണ്‌ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകുന്നത്‌. പാതയിൽ സ്‌പീഡ്‌ ട്രയലും നടത്തും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.
 കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ രണ്ടു മുതൽ അഞ്ച്‌ വരെയുള്ള പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്‌. പ്ലാറ്റ്‌ഫോമുകൾ എറണാകുളം വശത്തേക്കാണ്‌ നീട്ടുക. ഗുഡ്‌സ്‌ പ്ലാറ്റ്‌ഫോമിന്റെയും നീളം വർധിപ്പിക്കും. സേഫ്‌റ്റി കമീഷൻ പരിശോധന പൂർത്തിയായിക്കഴിഞ്ഞ്‌ സിഗ്‌നലുകൾ നവീകരിക്കും.
 പാത ഇരട്ടിപ്പിക്കലിനോടൊപ്പം സ്‌റ്റേഷന്റെ നവീകരണവും പുരോഗമിക്കുന്നുണ്ട്‌.
അത്യാധുനിക സൗകര്യങ്ങളോടെ രാജ്യത്തെ മികച്ച സ്‌റ്റേഷനുകളിലൊന്നാകും കോട്ടയം. തോമസ്‌ ചാഴികാടൻ എംപിയുടെ ഇടപെടലിൽ നടപടികൾ അതിവേഗം പുരോഗമിക്കുന്നുണ്ട്‌. പാസഞ്ചർ ട്രെയിനുകൾ നിർത്തിയിടാൻ കഴിയുന്ന ചെറിയ പ്ലാറ്റ്‌ഫോം പുതുതായി വരും. ഒന്നാം കവാടം നവീകരണം, ശബരിമല തീർഥാടകർക്കുള്ള പിൽഗ്രിം സെന്റർ എന്നിവ യാഥാർഥ്യമായിക്കഴിഞ്ഞു. അഞ്ച്‌ പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച്‌ ഫുട്‌ ഓവർബ്രിഡ്‌ജ്‌, ലിഫ്‌റ്റ്‌, എസ്‌കലേറ്റർ എന്നീ സൗകര്യങ്ങളും വരും.
Leave A Reply