മയക്കുമരുന്ന് സംഘത്തിനെതിരെ പരാതി നൽകിയതിന് പിതാവിനെയും മകനെയും ആക്രമിച്ചു

ഇരവിപുരം:  ലഹരി സംഘത്തിനെതിരെ പൊലീസിൽ പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിൽ പിതാവിനെയും മകനെയും നടുറോഡിൽ ബൈക്ക് തടഞ്ഞു നിർ‌ത്തി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം. മേവറം മണ്ണാണിക്കുളം തെക്കേതുണ്ടിൽ കമറുദ്ദീൻ (39), മകൻ മുഹമ്മദ് അലി (14) എന്നിവരാണ് ആക്രമണത്തിനിരയായി പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.

മണ്ണാണിക്കുളത്തിനടുത്തുള്ള തൈക്കാവിൽ നമസ്കാരം കഴിഞ്ഞ്  ബൈക്കിൽ വീട്ടിലേക്കു വരുമ്പോഴാണ് ഇരുവർക്കുമെതിരെ ആക്രമണം ഉണ്ടായത്.  ബൈക്കിന് പിന്നിലിരിക്കുകയായിരുന്ന മുഹമ്മദ് അലിയെ തള്ളി താഴെയിട്ടശേഷം ക്രൂരമായി ആക്രമിക്കുകയായിരുന്നു.  മുഹമ്മദ് അലിയുടെ തലയ്ക്ക് അടിയേറ്റതിനെ തുടർന്ന് 4 തുന്നൽ വേണ്ടി വന്നു. കൈക്കും കാലിനും ഗുരുതര പരുക്കേറ്റു. കമറുദ്ദീന്റെ മൂക്കിന്റെ പാലം ഇടിച്ചു തകർത്തു. കൈക്കും പരുക്കുണ്ട്.

പ്രദേശവാസികളായ സെയ്ദലി, അൻവർഷ എന്നിവർ ചേർന്നാണ് ഇരുവരെയും ആക്രമിച്ചതെന്ന് കാണിച്ച് കമറുദ്ദീൻ ഇരവിപുരം പൊലീസിൽ പരാതി നൽകി. പ്രദേശത്ത് ലഹരി സംഘങ്ങളുടെ ശല്യം രൂക്ഷമാണ്. ഇതിനെതിരെ പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിരുന്നു.

Leave A Reply