കോമളം പ്രദേശവാസികൾ ദുരിതത്തിൽ കാത്തിരിന്നിട്ടും പാലമില്ല സമീപന പാത തകർന്നിട്ട് 8 മാസം

മല്ലപ്പള്ളി : വെണ്ണിക്കുളം കോമളത്ത് യാത്രാമാർഗം ഇല്ലാതായിട്ട് എട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാര മാർഗം കണ്ടെത്താൻ അധികൃതർ കാലതാമസം വരുത്തുന്നതിനാൽ ജനം ദുരിതത്തിൽ. കഴിഞ്ഞ ഒക്ടോബർ 16ന് മണിമലയാറ്റിൽ ഉണ്ടായ മിന്നൽ പ്രളയത്തിലാണ് പാലത്തിന്റെ സമീപന പാത തകർന്നത്. ഇതോടെ കോമളം, തുരുത്തിക്കാട്, അമ്പാട്ടുഭാഗം, കുംഭമല തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. വെണ്ണിക്കുളം, പുറമറ്റം, കോഴഞ്ചേരി, തിരുവല്ല, റാന്നി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും , ജോലിക്കുപോകുന്നവരും, തൊഴിലാളികളുമടക്കം നൂറുക്കണക്കിന് ആൾക്കാരാണ് പാലം ഇല്ലാത്തതിനാൽ ദുരിതം അനുഭവിക്കുന്നത്. വെണ്ണിക്കുളത്തെ വ്യാപാര സ്ഥാപനങ്ങൾക്കും പാലം ഇല്ലാതായത് നഷ്ടങ്ങളുടെ കണക്ക് ഇരട്ടിയാക്കിയിരിക്കുകയാണ്. മറ്റ് യാത്രാമാർഗമില്ലാത്തതിനാൽ പ്രദേശവാസികൾ ഏറെ ദൂരം സഞ്ചരിച്ചു വേണം ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ. താൽക്കാലിക പാലം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.

കോമളത്ത് സേവാഭരതിയുടെ നേതൃത്വത്തിൽ നടപ്പാലം നിർമ്മിച്ചിരുന്നു. എന്നാൽ മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ നടപ്പാലം പൊളിച്ചു മാറ്റി. വെണ്ണിക്കുളം ഭാഗത്തുനിന്നുള്ള തോട്ടിലെ ശക്തമായ നിരൊഴുക്കു കാരണം കോമളം കരയിലെ മണൽ ഒലിച്ച് കുഴി രൂപപ്പെട്ടത് അപകടമുണ്ടാക്കാൻ സാദ്ധ്യതയുള്ളതിനാലാണ് നടപ്പാലം പൊളിച്ചു മാറ്റിയത്. വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന താൽക്കാലിക നടപ്പാലം നിർമ്മിക്കാൻ സമീപന പാത തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

Leave A Reply