ബാർട്ടൺഹിൽ കൊലക്കേസ് പ്രതികളുടെ ശിക്ഷ ഈ മാസം 24 ന്

തിരുവനന്തപുരം: ബാർട്ടൺഹിൽ അനിയെന്ന അനിൽകുമാറിനെ കൊന്ന കേസിലെ നാല് പ്രതികളിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികളുടെ ശിക്ഷ ഈ മാസം 24 ന്. നാലാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബാർട്ടൺഹിൽ സ്വദേശികളും ബന്ധുക്കളുമായ വിഷ്ണു എസ്. ബാബു എന്ന ജീവൻ,​ മനോജ് എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മേരി രാജൻ,​ രാകേഷ് എന്നിവരെ വെറുതെവിട്ടു.നിരവധി തവണ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുളള ആളാണ് ജീവൻ. ഒാപ്പറേഷൻ ബോൾട്ടിൽ പൊലീസ് പിടിയിലായ ജീവൻ അതിൽനിന്ന് മോചിതനായതിന്റെ അടുത്ത ദിവസമാണ് അനിയെ വെട്ടിക്കൊലപ്പെടുത്തിയത്. 2019 മാർച്ച് 24 നായിരുന്നു കൊല.നിരവധി കേസുകളിൽ പ്രതികളായ ഇവർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ശിക്ഷയിൽ ഇളവ് ഉണ്ടായാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വാദം. അനിയുടെ വിധവ കേൾവിയില്ലാത്ത ആളായതിനാൽ സർക്കാർ ധനസഹായത്തിന് കോടതി നിർദ്ദേശിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയ ശേഷം കേസ് അട്ടിമറിക്കാനും പ്രതികളെ സഹായിക്കാനും ശ്രമിച്ച ഒൻപത് സാക്ഷികളെ പ്രതികളാക്കണമെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. ജില്ലാ ഗവൺമെന്റ് പ്ളീഡർ വെമ്പായം എ.എ. ഹക്കീം ഹാജരായി.

Leave A Reply