കോന്നി നാരായണപുരം ചന്തയ്ക്ക് ഉള്ളിൽ മാലിന്യം;ആരോഗ്യജാഗ്രത യോഗത്തിൽ സത്യം മറച്ചുവെച്ച സെക്രട്ടറിക്കെതിരെ നടപടിക്ക് സാധ്യത

കോന്നി :കോന്നി നാരായണപുരം ചന്തയിൽ മാലിന്യം ഉണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നും അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ നടന്ന ആരോഗ്യജാഗ്രത ജില്ലാതല യോഗത്തിൽ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. യോഗത്തിൽ ജില്ലയിലെ എംഎൽഎമാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാർ സെക്രട്ടറിമാർ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുത്തത്. മഴക്കാല പൂർവ്വ രോഗ ശുചീകരണ പ്രവർത്തനം ആയിരുന്നു യോഗത്തിന് അജണ്ട. ഈ യോഗത്തിലാണ് കോന്നി എംഎൽഎ അഡ്വക്കേറ്റ് കെ യു ജനീഷ്കുമാർ
കോന്നിയിൽ കഴിഞ്ഞ കുറെ നാളുകളായി നിലനിൽക്കുന്ന മാലിന്യപ്രശ്നം ഉന്നയിച്ചത്.

വലിയ നിലയിലുള്ള മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്. മാലിന്യസംസ്കരണ പ്ലാന്റ് നിരവധി നാളുകളായി പ്രവർത്തനരഹിതമാണ്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം മാർക്കറ്റിനുള്ളിൽ കുന്നു കൂട്ടിയിട്ടിരിക്കുകയാണ്. ഇത് കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ദുർഗന്ധം കൊണ്ട് ചന്തയ്ക്ക് ഉള്ളിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. താലൂക്ക് വികസന സമിതി യോഗത്തിൽ ഈ വിഷയം ഉയർന്നുവരികയും മാലിന്യം ഉടൻ നീക്കം ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ചന്തയുടെ പലഭാഗത്തായി കൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം നിരവധിതവണ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎ ആരോഗ്യജാഗ്രത ജില്ലാ യോഗത്തിൽ വിഷയം ഉന്നയിച്ചത്.

എന്നാൽ യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് സെക്രട്ടറി മറുപടി പറയണമെന്ന് നിർദ്ദേശിച്ചപ്പോൾ കോന്നി മാർക്കറ്റിൽ ഇപ്പോൾ മാലിന്യം ഇല്ലെന്നും അത് നീക്കം ചെയ്തു എന്നുമാണ് അദ്ദേഹം യോഗത്തിൽ അറിയിച്ചത്. വീണ്ടും എംഎൽഎ ഇടപെട്ട് മാലിന്യം നീക്കം ചെയ്തിട്ടില്ല എന്ന് ധരിച്ചപ്പോൾ പൂർണ്ണമായും മാലിന്യം നീക്കം ചെയ്തു എന്ന് യോഗത്തിൽ വീണ്ടും ആവർത്തിക്കുകയാണ് സെക്രട്ടറി ചെയ്തത്. തുടർന്ന് എംഎൽഎ അരമണിക്കൂറിനകം മാർക്കറ്റിൽ എത്തിച്ചേരുമെന്നും യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് മാർക്കറ്റിലുടനെ എത്തിച്ചേരണമെന്നും നിർദ്ദേശിച്ചു.

തുടർന്ന് എംഎൽഎയും ഡിഡിപി.യും പഞ്ചായത്തു സെക്രട്ടറിയും അടങ്ങുന്ന സംഘം മാർക്കറ്റിൽ എത്തി. മാർക്കറ്റിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്ത തരത്തിലുള്ള മാലിന്യകൂമ്പാരമാണ് ഇവരെ വരവേറ്റത്. തുടർന്ന് എംഎൽഎയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി നിന്ന പഞ്ചായത്ത് സെക്രട്ടറിയാണ് പിന്നീട് കണ്ടത്. മാർക്കറ്റിലെ കച്ചവടക്കാരും സമീപവാസികളും അല്ല പരാതിയുടെ പ്രളയവുമായി എംഎൽഎ യുടെ മുന്നിൽ എത്തിച്ചേർന്നു. മാലിന്യം നീക്കം ചെയ്യാൻ കഴിഞ്ഞ കുറേ നാളുകളായി ഒരു നടപടിയും ഉണ്ടാകുന്നില്ല എന്ന് എംഎൽഎയ്ക്ക് ബോധ്യപ്പെട്ടു. ഡി ഡിപി യോടൊപ്പം മാർക്കറ്റിന്റെ പലഭാഗങ്ങളിൽ എംഎൽഎ നേരിട്ട് കണ്ടു ബോധ്യപ്പെടുത്തി.

എംഎൽഎയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞില്ല. ദുർഗന്ധം കാരണം മാർക്കറ്റിന് പലഭാഗങ്ങളിലും ഇവർക്ക് എത്തിച്ചേരാൻ സാധിച്ചില്ല. മാർക്കറ്റിലെ വിവിധഭാഗങ്ങളിലായി നിർമ്മിച്ചിട്ടുള്ള ഒരു ഒരു ടോയ്‌ലറ്റുകളും പ്രവർത്തനക്ഷമമല്ല. വനിതക ളായിട്ടുള്ള കച്ചവടക്കരുൾപ്പെടെ എം എൽ എ യ്ക്കു മുന്നിൽ പരാതിയുമായെത്തി. തെരുവ് നായ്ക്കളും കൊതുകുകളും ഇഴ ജന്തുക്കളും ഉൾപ്പെടെ വൃത്തിഹീനമായ സാഹചര്യമാണ് മാർക്കറ്റിനുള്ളിൽ കാണാൻ കഴിഞ്ഞത്.

ഇന്ന് 2 മണിക്ക് മുമ്പായി എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യുമെന്നും. ഇപ്പോൾ തന്നെ മാലിന്യം നീക്കം ചെയ്യാൻ ആവശ്യമായ നടപടി ആരംഭിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഈ വിവരം ഡിഡിപി എംഎൽഎക്ക് ഉറപ്പ് നൽകി. നാളെ മൂന്നുമണിക്ക് വീണ്ടും ഡിഡിപി യോടൊപ്പം മാർക്കറ്റ് സന്ദർശിക്കുമെന്ന് എംഎൽഎ അറിയിച്ചു. മന്ത്രിയും എം എൽ എ മാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വിവരം നൽകിയ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ ആവശ്യമായ നടപടി ഉണ്ടാകുമെന്നു എംഎൽഎ അറിയിച്ചു. നിലവിലുള്ള മാലിന്യം നീക്കം ചെയ്തതിനുശേഷം ഈ വിഷയം ശാശ്വതമായി പരിഹരിക്കുന്നതിനു വേണ്ടി പ്രത്യേക യോഗം വിളിക്കുമെന്നും എംഎൽഎ അറിയിച്ചു.

ജില്ലയിലെ പഴക്കംചെന്ന മാർക്കറ്റ് ആണ് കോന്നി നാരായണപുരം മാർക്കറ്റ്. കഴിഞ്ഞകാലങ്ങളിൽ ധാരാളം ജനം ക്രയ വ്യക്രയങ്ങൾക്ക് എത്തിച്ചേർന്നിരുന്ന ഇടമാണ്. എന്നാൽ ഇപ്പോൾ ഇവിടെ മാലിന്യ പ്രശ്നവും ദുർഗന്ധം കാരണം ജനം ചന്തയിലേക്ക് എത്താത്ത സാഹചര്യമാണ്.കോടികൾ മുടക്കി നിർമ്മിച്ച ആധുനിക മത്സ്യ മാർക്കറ്റും പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയവും ഉപയോഗശൂന്യമായി കിടക്കുകയാണ്.

 

Leave A Reply