ചേര്‍ത്തലയില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയിൽ

ആലപ്പുഴ: ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയിലായി.  ഇവരുടെ പക്കല്‍ നിന്നും 11 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ചേര്‍ത്തല സ്വദേശികളായ രോഹിത് (19), അഖില്‍ (20) എന്നിവരാണ് സംഭവത്തില്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ബെംഗളൂരുവില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചത്.  ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരിയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ആലപ്പുഴ ജില്ലയില്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായും ഇതിനായി മറ്റ് ജില്ലകളില്‍ നിന്ന് ലഹരി വസ്തുക്കള്‍ എത്തിക്കുന്നതായും ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

 

Leave A Reply