ചേർത്തല റെയിൽവെ സ്റ്റേഷനിൽ മയക്കുമരുന്നുമായി 2 യുവാക്കൾ പിടിയിൽ, സംഘം ലക്ഷ്യം വച്ചത് വിദ്യാർത്ഥികളെ

ആലപ്പുഴ: ചേർത്തലയിൽ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. ബാംഗ്ലൂരിൽ നിന്ന് എത്തിച്ച 11ഗ്രാം എംഡിഎംഎയുമായാണ് ഇവർ പിടിയിലായത്. ചേർത്തല വാരണം ചുള്ളവേലി രോഹിത് (അപ്പു-19), എസ് എൽ പുരം അഖിൽ ഭവനത്തിൽ അഖിൽ (അപ്പു-20)എന്നിവരെയാണ് ചേർത്തല പൊലീസും ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സേനയും ചേർന്ന് പിടികൂടിയത്. ബെംഗളുരുവിൽ നിന്ന് തീവണ്ടിയിൽ കൊണ്ടുവരുന്നതിനിടെ ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇവർ പിടിയിലായത്.

ജില്ലയിലെ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. ക്രിസ്റ്റൽ രൂപത്തിലുള്ളമയക്കുമരുന്നാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. ഡി വൈ.എസ് പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സേനയും ചേർത്തല ഡി വൈ എസ് പി, ടി ബി വിജയന്റെയും സ്റ്റേഷൻ ഓഫീസർ വിനോദ്കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.

ബെംഗളുരിവിൽ നിന്ന് ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങി ജില്ലയിൽ 2000 മുതൽ 5000 രൂപാവരെ വിലക്കാണ് ഇവർ മയക്കുമരുന്നു വിറ്റിരുന്നത്. മാസത്തിൽ രണ്ടും മൂന്നും തവണ ഇവർ ബെംഗളുരിവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചിരുന്നതായും വിവരം കിട്ടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave A Reply