ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞു; മൂന്നു മരണം, നിരവധിപേർക്ക് പരിക്ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് മൂന്നു പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ ഉന്നാവോ ജില്ലയിലെ ബംഗർമൗ മേഖലയിലെ സിദ്ധാർപൂർ ഗ്രാമത്തിലാണ് സംഭവം.

ജയ്പൂരിൽ നിന്ന് ബീഹാറിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 25 പേർക്ക് ഗുരുതരമായി പരുക്കേറ്റു. 85 യാത്രക്കാരുണ്ടായിരുന്നു.

ഗുരുതരമായി പരുക്കേറ്റ 25 പേരിൽ ചിലരെ കാൺപൂരിലെ ജില്ലാ ആശുപത്രിയിലേക്കും, ബാക്കിയുള്ളവരെ ബംഗർമൗവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു. രണ്ടുപേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്.

മരിച്ചവരിൽ ഒരാൾ ബിഹാർ സ്വദേശിയാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. നിസാര പരുക്കേറ്റ 55 യാത്രക്കാരെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വീടുകളിലേക്ക് അയച്ചതായി അങ്കിത് ശുക്ല കൂട്ടിച്ചേർത്തു.

Leave A Reply