ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും
വത്തിക്കാൻ സിറ്റി: ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും. ഭാരതത്തിലെ ആദ്യ അല്മായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങിലാണ് വിശുദ്ധനായി പ്രഖ്യാപിക്കുക.
തിരുക്കർമങ്ങൾ ഇറ്റാലിയൻ സമയം 10ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30) ആരംഭിക്കും. ഇതോടൊപ്പം മറ്റ് ഒന്പതു വാഴ്ത്തപ്പെട്ടവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.
വിശുദ്ധരായി പ്രഖ്യാപിക്കുന്നവരിൽ അഞ്ചു വാഴ്ത്തപ്പെട്ടവർ ഇറ്റലിക്കാരാണ്. മൂന്നു പേർ ഫ്രഞ്ചുകാരും ഒരാൾ ഹോളണ്ടുകാരനുമാണ്. ഹോളണ്ട് സ്വദേശി ടൈറ്റസ് ബ്രാൻഡ്സ്മ, ഫ്രഞ്ച് വൈദികൻ സേസർ ദെ ബ്യു, ഇറ്റലി സ്വദേശികളായ വൈദികർ ലൂയിജി മരിയ പലാസോളോ, ജസ്റ്റിൻ റുസ്സൊലീലൊ, ഫ്രാൻസുകാരനായ സന്ന്യസ്തൻ ചാൾസ് ദെ ഫുക്കോ, ഫ്രഞ്ചുകാരിയായ മരീ റിവിയെ, ഇറ്റലിക്കാരികളായ അന്ന മരിയ റുബാത്തോ, കരോലീന സാന്തൊകനാലെ, മരിയ മന്തൊവാനി എന്നിവരെയാണ് ദേവസഹായം പിള്ളയോടൊപ്പം വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.