എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം: കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീം കോടതി.

നഷ്ടപരിഹാരമായി 200 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാൽ അത് നിങ്ങളുടെ കണക്കുപുസ്തകത്തില്‍ അല്ല, ഇരകളുടെ കൈകളിലേക്കാണു തുക എത്തേണ്ടതെന്നും ക്ഷേമ സര്‍ക്കാരുകള്‍ക്ക് ഇരകളെ അവഗണിക്കാനാവില്ലെന്നും ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രില്‍ 8നു കേസ് പരിഗണിക്കുമ്ബോള്‍ നാലാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്.

ഉത്തരവു വന്ന് 5 വര്‍ഷത്തിനുശേഷവും സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതു ചൂണ്ടിക്കാട്ടിയാണ് കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ഇരകളില്‍ എത്രപേര്‍ മരിച്ചിട്ടുണ്ടാകുമെന്നും കോടതി ചോദിച്ചു.  തുക ഇനിയും കിട്ടാനുള്ള 3714 പേരുണ്ടെന്നും കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയ കെ.ജി.ബിജു, അശോക് കുമാര്‍, മധുസൂദനന്‍, ശാന്ത, ശാന്ത കൃഷ്ണ, പി.ജെ.തോമസ്, സജി, എം വിരവീന്ദ്രന്‍ എന്നിവര്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കിയെന്നും ഇന്നലെ ചീഫ് സെക്രട്ടറി വി.പി.ജോയി സത്യവാങ്മൂലം നല്‍കി.

2017 ലെ വിധി നടപ്പാക്കാത്തതു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയ 8 പേര്‍ക്കു നഷ്ടപരിഹാര തുക നല്‍കിയെന്ന് ഇന്നലെ സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതിച്ചെലവും കാലതാമസവും പരിഗണിച്ച്‌ 50,000 രൂപ വീതം അധികമായി നല്‍കാനും കോടതി ഉത്തരവിട്ടു.

Leave A Reply