കാലവര്‍ഷ മുന്നൊരുക്കങ്ങള്‍; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

 

കൊച്ചി: കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. നിയോജക മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന ബ്ലോക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്കാണ് ചുമതല. അതാത് ബ്ലോക്കുകളിലെ അസിസ്റ്റന്റ് ബ്ലോക് ഡവലപ്‌മെന്റ് ഓഫീസര്‍മാരെ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട്. കളക്ടറേറ്റിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ക്കാണ് എറണാകുളം നിയോജക മണ്ഡലത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്.

നോഡല്‍ ഓഫീസര്‍മാര്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്താനും ആഴ്ചയിലൊരിക്കല്‍ ബന്ധപ്പെട്ട എം.എല്‍.എമാരുടെ സൗകര്യാര്‍ത്ഥം യോഗം ചേര്‍ന്ന് പുരോഗതികള്‍ വിലയിരുത്താനും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

വെള്ളപ്പൊക്കം പോലെയുള്ള അടിയന്തര സാഹചര്യം ഉണ്ടായാല്‍ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് ആവശ്യമായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോട്ടുകള്‍, വള്ളങ്ങള്‍ തുടങ്ങിയ തയ്യാറാക്കി നിര്‍ത്താന്‍ പൊലീസ്, അഗ്‌നി രക്ഷാ സേന, ഫിഷറീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ക്ക് നിര്‍ദേശമുണ്ട്. . ജില്ലയിലെ പ്രധാനപ്പെട്ട റെഗുലേറ്റര്‍ കം ബ്രിഡ്ജുകളുടെ ഷട്ടര്‍ പ്രവര്‍ത്തനക്ഷമമാണ് എന്ന് ഉറപ്പുവരുത്താനും തോടുകളില്‍ നിന്ന് പോളകള്‍ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനും ജലസേചന വകുപ്പിനും നിര്‍ദ്ദേശം നല്‍കി.

റോഡരികിലെ വൈദ്യുതി ലൈനുകള്‍ക്ക് മുകളില്‍ അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മര ചില്ലകള്‍ മുറിച്ചു മാറ്റാനും അതീവ അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൂര്‍ണ്ണമായി വെട്ടി മാറ്റാനും തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരേയും പൊതുമരാമത്ത് വകുപ്പ് അധികൃതരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജലജന്യരോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത പരിഗണിച്ച് ആരോഗ്യ വകുപ്പിനും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ വെള്ളം കയറിയാല്‍ ഒറ്റപ്പെട്ട് പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ റവന്യു, പൊലീസ്, അഗ്‌നി രക്ഷാസേന എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഗ്‌നി രക്ഷാസേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത പ്രദേശങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളില്‍ ആവശ്യമായ റെസ്‌ക്യു ഉപകരണങ്ങള്‍ സജ്ജമാക്കാന്‍ പൊലീസിനും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി തഹസില്‍ദാര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി പഞ്ചായത്ത് തലങ്ങളിലുള്ള വിവരങ്ങള്‍ ശേഖരിച്ച് ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കി സൂക്ഷിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്യാമ്പുകള്‍ നടത്താനുള്ള സ്ഥലങ്ങള്‍, മഴയുടെ ആഘാതം ഏറ്റവും കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍, സ്ഥലങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ തയ്യാറാക്കി വെക്കാനാണ് നിര്‍ദ്ദേശം.

Leave A Reply