അരവിന്ദ് കെജ്രിവാൾ കൊച്ചിയിൽ : ആംആദ്മിയും ട്വന്‍റി ട്വന്‍റിയും സഹകരിച്ച് പ്രവർത്തിക്കും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കേരളത്തിലെ ബദൽ രാഷ്ട്രീയത്തിന്‍റെ സാധ്യത തേടി കൊച്ചിയില്‍. ഇന്ന് ആംആദ്മിയും ട്വന്‍റി ട്വന്‍റിയും സഹകരിച്ച് പ്രവർത്തിക്കാൻ ഉള്ള തീരുമാനം  ഉണ്ടാകും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ട്വൻ്റി ട്വൻ്റി ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബും ചേർന്ന് കിഴക്കമ്പലത്തിൽ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ തീരുമാനം പ്രഖ്യപിക്കും. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാടിലും സൂചന നൽകും. ഏതെങ്കിലും ഒരു മുന്നണിക്ക് തെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. സാബു ജേക്കബ് ഇന്നലെ കൊച്ചിയിൽ എത്തിയ കെജ്‌രിവാളുമായി ചർച്ച നടത്തി.

രാവിലെ കെജ്‌രിവാൾ കൊച്ചിയിൽ ആംആദ്മി നേതാക്കളുമായി ചർച്ച നടത്തും. കെജ്‌രിവാളിന് മുന്നിൽ സംസ്ഥാനത്ത് പാർട്ടി വളർത്താൻ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോർട്ട്  നേതാക്കൾ അവതരിപ്പിക്കും. കെജ്‌രിവാളിന്‍റെ നിലപാട് പാർട്ടിയുടെ തുടർ നയങ്ങൾ തീരുമാനിക്കുന്നതിൽ അന്തിമമാകും.

കിഴക്കമ്പലത്തെ ട്വന്‍റി 20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയും വൈകീട്ട്  കെജ്‌രിവാൾ സന്ദർശിക്കും.കെജ്‌രിവാൾ  5 മണിക്ക് കിറ്റക്സ് ഗാർമെന്‍റ്സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ജനസംഗമ പരിപാടിയിൽ സംസാരിക്കും. കെജ്‌രിവാൾ രാത്രി 9 മണിക്കുള്ള വിമാനത്തിൽ  ദില്ലിക്ക് മടങ്ങും. കേരളത്തിൽ ബദൽ നീക്കങ്ങൾ സജീവമാക്കാനുള്ള കെജ്രിവാളിന്റെ വരവ് ദില്ലിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ്. ആദ്യ സഹകരണം മുന്നണികൾക്ക് ഭീഷണി ഉയർത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി- 20യുമായാണ്.

തൃക്കാക്കരയിൽ ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാർത്ഥിയെ നിർത്താൻ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു. തൃക്കാക്കരയിൽ സ്ഥാനാർത്ഥിയുണ്ടാകില്ലെന്നു൦ ഉപ തെരഞ്ഞെടുപ്പിനേക്കാൾ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും ഇരു പാർട്ടികളും സംയുക്തമായി അറിയിച്ചിരുന്നു.

 

Leave A Reply