വികസന ‘പാത’യുടെ നേരനുഭവമൊരുക്കി പൊതുമരാമത്ത് വകുപ്പ് പ്രദര്‍ശന സ്റ്റാള്‍

ഒന്നാം പിണറായി സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍  പൂര്‍ത്തീകരിച്ചതും രണ്ടാം പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്നതുമായ റോഡുകളെക്കുറിച്ചും പാലങ്ങളെക്കുറിച്ചുമുള്ള രൂപ മാതൃകകളും വീഡിയോകളും എല്‍. ഇ. ഡി വാളില്‍ പ്രദര്‍ശിപ്പിച്ച് എന്റെ കേരളം മേളയില്‍ പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാള്‍.

380 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണ പൂര്‍ത്തീകരണത്തിലേക്ക് എത്തി നില്‍ക്കുന്ന അന്തര്‍ സംസ്ഥാന പാതയായ എന്‍ എച്ച് 85 ന്റെ മാതൃകയാണ് സ്റ്റാളിലെ പ്രധാന ആകര്‍ഷണീയം. 146 കോടി മുതല്‍ മുടക്കില്‍ പണിയുന്ന ചെമ്മണ്ണാര്‍ ഗ്യാപ് റോഡിന്റെയും, 6 കോടി മുതല്‍ മുടക്കി കുട്ടിക്കാനം കട്ടപ്പന റോഡിലെ പെരിയാര്‍ നദിക്ക് കുറുകെയായി നിര്‍മ്മിക്കുന്ന മാമല ശാന്തിപ്പാലം പാലത്തിന്റെയും മാതൃകകളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ പൂര്‍ത്തിയാക്കിയ പ്രധാനപ്പെട്ട റോഡുകളുടെയും പാലങ്ങളുടെയും വിവരങ്ങള്‍ പൊതുജന മധ്യത്തിലേക്ക് എത്തിക്കാനായി വകുപ്പ് സ്റ്റാളില്‍ വീഡിയോ ചിത്രം ഒരുക്കിയിട്ടുണ്ട്. സ്റ്റാളിന് മുന്നിലായി സ്ഥാപിച്ചിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും വലിയ കട്ട് ഔട്ടുകള്‍ക്ക് മുമ്പില്‍ നിന്ന് സന്ദര്‍ശകര്‍ ഫോട്ടോകളും സെല്‍ഫികളും പകര്‍ത്തിയും റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണ കാര്യത്തില്‍
പിണറായി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെ നേരനുഭവങ്ങള്‍ കണ്ടറിഞ്ഞുമാണ് സന്ദര്‍ശകര്‍ മടങ്ങുന്നത്.

Leave A Reply