ത്രിപുരയിൽ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാനഘടകത്തിൽ സംഘർഷം. മുഖ്യമന്ത്രിയുടെ വസതിയില്‍ ദേശീയ നേതൃത്വത്തിന്റെ പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തിനിടെ മന്ത്രിമാരും എംഎല്‍എമാരും തമ്മിലടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മണിക് സാഹയാണ് ത്രിപുരയിലെ പുതിയ മുഖ്യമന്ത്രി. ബിജെപി കേന്ദ്ര നേതൃത്വം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്നാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സാഹ നിലവില്‍ രാജ്യസഭാംഗമാണ്.ഗവർണറുമായി രാജ്ഭവനിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ബിപ്ലവ് രാജി പ്രഖ്യാപിച്ചത്. ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ പടലപിണക്കം രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് രാജി. പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപിക്കു തന്നെ ആവശ്യമാണെന്നും അതിനാലാണ് രാജിയെന്നുമാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബിപ്ലവ് അറിയിച്ചത്.