കാത്തിരിപ്പിന്‌ വിരാമമിട്ട്‌ ജില്ലയിലെ 102 കുടുംബങ്ങൾക്കുകൂടി  പട്ടയം

വർഷങ്ങളുടെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ ജില്ലയിലെ 102 കുടുംബങ്ങൾക്കുകൂടി  പട്ടയം ലഭിച്ചു. ആഹ്ലാദാന്തരീക്ഷത്തിൽ റവന്യൂ മന്ത്രി കെ രാജൻ പട്ടയം വിതരണംചെയ്‌തു.  സർക്കാരിന്റെ ഒന്നാംവാർഷികത്തോടനുബന്ധിച്ച്‌ നൂറുദിന കർമ പരിപാടിയിലുൾപ്പെടുത്തി റവന്യൂ വകുപ്പിൽ 100 ദിനം 200 പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാ​ഗമായാണ്‌ പട്ടയമേള. നിലമ്പൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലും മഞ്ചേരി ഹിൽട്ടൺ ഓഡിറ്റോറിയത്തിലുമായാണ്‌ പട്ടയവിതരണം നടന്നത്‌. നിലമ്പൂരിൽ നടന്ന ചടങ്ങിൽ പി വി അൻവർ എംഎൽഎ അധ്യക്ഷനായി. 87 ലാൻഡ്‌  ട്രിബ്യൂണൽ പട്ടയങ്ങളും 15 മിച്ചഭൂമി പട്ടയങ്ങളുമാണ് വിതരണംചെയ്തത്. അമരമ്പലം പഞ്ചായത്തിലെ 12 ജനറൽ കുടുംബങ്ങൾക്കും മൂന്ന്‌ പട്ടികജാതി കുടുംബങ്ങൾക്കുമാണ് മിച്ചഭൂമി പട്ടയം ലഭിച്ചത്. പട്ടയത്തിൽ രണ്ട്‌  ഏക്കർ 40 സെന്റാണ് മിച്ചഭൂമിയായി വിതരണംചെയ്തത്. പി കെ ബഷീർ എംഎൽഎ, പി വി അബ്ദുൾ വഹാബ് എംപി, കലക്ടർ വി ആർ പ്രേംകുമാർ, ന​ഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം എന്നിവർ  പങ്കെടുത്തു.
ജില്ലയില്‍ പട്ടയം ലഭിച്ചത്‌  10,136 പേര്‍ക്ക്
മഞ്ചേരി
ജില്ലയിൽ രണ്ട്‌ ഘട്ടങ്ങളിലായി വിതരണംചെയ്‌തത്‌ 10,136 പട്ടയങ്ങൾ. മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിലായി  വ്യാഴാഴ്‌ച  102 പേർക്കുകൂടി പട്ടയം ലഭിച്ചു.
ഒന്നാം ഘട്ടത്തിൽ 2061 പേർക്കും രണ്ടാം ഘട്ടിത്തിൽ 8075 പേർക്കുമാണ് പട്ടയം നൽകിയത്. നൂറുപേർക്ക് ഡിജിറ്റൽ പട്ടയവും വിതരണംചെയ്തു. നിലമ്പൂർ കൊണ്ടോട്ടി താലൂക്കുകളിലും പട്ടയവിതരണം നടന്നു. താലൂക്ക് അടിസ്ഥാനത്തിൽ നിലമ്പൂരിൽ–- 123, ഏറനാട്-–- 350, പെരിന്തൽമണ്ണ-–- 250, കൊണ്ടോട്ടി–– 160, ദേവസ്വം–- -150 എന്നിങ്ങനെയാണ് വിതരണംചെയ്‌തത്‌. ഇതിൽ മിച്ചഭൂമി–- -216, ലാൻഡ്‌ ട്രിബ്യൂണൽ–- -91, മിച്ചഭൂമി–- -15, ദേവസ്വം വിഭാഗത്തിലും ഉൾപ്പെടും.
Leave A Reply