കണ്ണീരൊപ്പുന്നതിലല്ല, കണ്ണീർ വീഴാതിരിക്കാനുള്ള ജാഗ്രതയാണ്‌ വേണ്ടതെന്ന സന്ദേശവുമായി പ്രദർശനം

കണ്ണീരൊപ്പുന്നതിലല്ല, കണ്ണീർ വീഴാതിരിക്കാനുള്ള ജാഗ്രതയാണ്‌ വേണ്ടതെന്ന സന്ദേശവുമായി ജനമനസ്സിലിടംനേടുകയാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രദർശനം. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരൂരിൽ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലെ മുഖ്യ ആകർഷണമായി മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റാൾ മാറുകയാണ്.
ജനോപകാര പ്രവർത്തനങ്ങളും റോഡ് സുരക്ഷാ ബോധവൽക്കരണവുംകൊണ്ട് സജീവമായ സ്റ്റാൾ ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമാണ്‌. ഓൺലൈൻ സേവനങ്ങൾ ജനങ്ങൾക്ക് വിവരിച്ചുകൊടുക്കുകയും, കുടിശ്ശികയുള്ളവർക്ക് ആശ്വാസമായ പുതിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനങ്ങളിലേക്ക് എത്തിച്ചും പ്രശംസ പിടിച്ചുപറ്റുകയാണ്‌ അധികൃതർ.
സിമിലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിങ്ങിന്റെ  പ്രാഥമിക പഠനവും പുതുക്കിയ ഗതാഗത നിയമങ്ങളും ആളുകൾക്ക് പകർന്ന് നൽകുന്നതോടൊപ്പം സമ്മാനങ്ങൾ ഏർപ്പെടുത്തി ആളുകളെ ഇതിലേക്കാകർഷിക്കുകയും ചെയ്യുന്നു.  മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കുന്ന ചോദ്യാവലികൾക്ക് ശരിയുത്തരം നൽകുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിനേന ബംബർ സമ്മാനമായി സൗജന്യ ഹെൽമെറ്റും നൽകുന്നുണ്ട്.
സ്റ്റാൾ സന്ദർശിക്കുന്ന ഓരോ വ്യക്തികൾക്കും റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ, സൗജന്യ കീ ചെയിനുകൾ, ബലൂൺ, വിസിറ്റിങ് കാർഡ്, എന്നിവ ഉൾപ്പെടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്.  ആർടിഒ കെ കെ സുരേഷ് കുമാറിന്റെയും ജില്ലയിലെ എല്ലാ ജോയിന്റ്‌ ആർടിഒമാരുടെയും നേതൃത്വത്തിലാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്.
Leave A Reply