വിവാഹ വാഗ്ദാനം നല്‍കി പീഡനം;പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവ്‌ അറസ്‌റ്റില്‍

ഒല്ലൂര്‍: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു വഞ്ചിച്ച ശേഷം പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ യുവാവ്‌ അറസ്‌റ്റില്‍.വാടാനപ്പള്ളി ബി.എസ്‌ റോഡില്‍ പണിക്കവീട്ടില്‍ ഷെഫീക്കിനെയാണ് (43) ഒല്ലൂര്‍ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. താമര വെള്ളച്ചാല്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത് . സമാനരീതിയില്‍ എറണാകുളം കാക്കനാട്ടെ സ്ത്രീയുമായി അടുപ്പത്തിലായശേഷം പണവും മറ്റുചില വസ്തുക്കളുടെ രേഖകളും പ്രമാണവുമെല്ലാം ഇയാള്‍ കൈക്കലാക്കി .

കേസില്‍ അറസ്റ്റിലായ യുവാവിനെപ്പറ്റി മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്ത കണ്ടാണ് വെള്ളക്കാരിത്തടം സ്വദേശിനി പരാതിപ്പെട്ടത്. കാക്കനാട്ടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കോടതിയില്‍നിന്നും കസ്റ്റഡിയില്‍ വാങ്ങിയാണ് ഒല്ലൂരിലെത്തിച്ചത്. വാടാനപ്പള്ളിയില്‍ മറ്റൊരു സ്ത്രീയെ ഇതേ രീതിയില്‍ കബളിപ്പിച്ച സംഭവത്തിലും കേസുണ്ട്‌.ഇയാള്‍ക്ക് രണ്ടു സ്ത്രീകളില്‍ കുട്ടികളുമുണ്ട്.

വെള്ളക്കാരിത്തടത്തും വാടാനപ്പള്ളിയിലുമുള്ള സ്ത്രീകളെ എറണാകുളത്തെ വാടകവീട്ടില്‍വെച്ചാണ് പീഡിപ്പിച്ചത്. ഇവരില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു . ഒരു സ്ത്രീയെ ഇയാള്‍ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടെങ്കിലും അവരെയും ഉപേക്ഷിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Leave A Reply