സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച;371 പവനും രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു

ഗുരുവായൂര്‍: ആനത്താവളത്തിനടുത്ത് തമ്ബുരാന്‍പടിയില്‍ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടന്നു .ബാറുകളും ബിസ്‌ക്കറ്റുകളുമായി സൂക്ഷിച്ചിരുന്ന 371 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് മോഷണം പോയത് . അശ്വതിയില്‍ കുരഞ്ഞിയൂര്‍ വീട്ടില്‍ ബാലന്റെ വീട്ടിലാണ് മോഷണം നടന്നത്.

ബാലനും ഭാര്യ രുഗ്മണിയും വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെ തൃശൂരിലേക്ക് സിനിമക്ക് പോയി രാത്രി 8.30ഓടെ തിരിച്ചെത്തിയതിനിടയിലാണ് മോഷണം നടന്നത്. ഇവര്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഡ്രൈവര്‍ ബ്രിജുവിനൊപ്പമാണ് ഇവര്‍ സിനിമക്ക് പോയിരുന്നത്. തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയപ്പോള്‍ ഡ്രൈവര്‍ വീടിന് പിറകില്‍ പോയി നോക്കിയപ്പോഴാണ് ടെറസിലൂടെ ആരോ അകത്ത് കടന്നിട്ടുള്ളതായി മനസ്സിലാവുന്നത്.

ടെറസിലെ വാതില്‍ പൊളിച്ച്‌ അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര തുറന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. അലമാരക്കുള്ളിലാണ് ലോക്കര്‍ സംവിധാനം ഒരുക്കിയിരുന്നത്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു . മോഷ്ടാവിന്റെ ചിത്രം നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ അകത്തുകയറി പരിശോധിക്കുന്നതും ബാഗുമായി മതില്‍ ചാടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

മുഖം വ്യക്തമല്ല. വീട്ടിലെ ജോലിക്കാരില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വീട്ടില്‍ അടുത്തയിടെ പെയിന്റിങ് ജോലി നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ജോലിക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എ.സി.പി കെ.ജി. സുരേഷ്, ഇന്‍സ്‌പെക്ടര്‍മാരായ സി. പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐമാരായ ഗിരി, ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave A Reply