“തിരിച്ചുവരാനാകാത്ത വിധം വഴിതെറ്റിപ്പോയ ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ്സ് മാറി”- എഎ റഹീം

കൊച്ചി: എല്ലാ അര്‍ത്ഥത്തിലും ഔട്ട്ഡേറ്റഡാണ് തങ്ങളെന്ന് കോണ്‍ഗ്രസ് ഓരോ നിമിഷവും തെളിയിക്കുകയാണെന്നും തിരിച്ചുവരാനാകാത്ത വിധം വഴിതെറ്റിപ്പോയ ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറിയെന്നും എഎ റഹീം എംപി .

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തുന്നതിനായി, ചിന്തന്‍ ശിബിര്‍ വേദിയ്ക്കരികില്‍ യാഗം നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യോഗമല്ല യാഗമാണ് അവര്‍ക്ക് പരിഹാര മാര്‍ഗമെന്ന് റഹീം പരിഹസിച്ചു. കോണ്‍ഗ്രസ് ഏറെക്കാലമായി പഠിക്കുന്നത് സംഘപരിവാറിന്റെ പാഠശാലയിലാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

‘രാഹുല്‍ ഗാന്ധി അധ്യക്ഷന്‍ ആകാന്‍
ചിന്തന്‍ ശിബിര വേദിയില്‍ യാഗം നടന്നതായി വാര്‍ത്ത.
യാഗം നേതാക്കളുടെ അനുമതിയോടെ
രാഹുല്‍ ഗാന്ധിക്ക് കരുത്ത് പകരാന്‍ പൂജ നടത്തുകയാണെന്ന് ജഗദീഷ് ശര്‍മ്മ.’

നെഹ്രുവിന്റെ കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ സ്ഥിതിയാണ്.
യോഗമല്ല യാഗമാണ് അവര്‍ക്ക് പരിഹാര മാര്‍ഗം.
നിരാലംബരായ മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ ബുള്‍ഡോസര്‍ കയറിയിറങ്ങുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്..

അന്ധവിശ്വാസങ്ങളും ശാസ്ത്ര വിരുദ്ധതയും ആയുധമാക്കിയാണ് സംഘപരിവാര്‍ ഫാസിസ്റ്റ് വാഴ്ചയ്ക്ക് അരങ്ങൊരുക്കുന്നത്.വിശ്വാസത്തെ അവര്‍ വെറും രാഷ്ട്രീയ ഇന്ധനമാക്കി.ശാസ്ത്ര വിരുദ്ധതയുടെ പ്രചാരകരായി.ചരിത്രത്തെ പൊളിച്ചെഴുതുന്നു.
കോണ്‍ഗ്രസ്സ് ഏറെക്കാലമായി പഠിക്കുന്നത് സംഘപരിവാറിന്റെ പാഠശാലയിലാണ്.നെഹ്രുവല്ല,സവര്‍ക്കറും ഗോള്‍വല്‍ക്കറുമാണ് അവിടെ അധ്യാപകര്‍.

ഭരണഘടനയല്ല,മനുസ്മൃതിയാണ് ഇന്ന് അവരുടെ വഴികാട്ടി.
എല്ലാ അര്‍ത്ഥത്തിലും ഔട്ട്ഡേറ്റഡാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സ് ഓരോ നിമിഷവും തെളിയിക്കുന്നു. തിരിച്ചുവരാനാകാത്ത വിധം വഴിതെറ്റിപ്പോയ ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ്സ് മാറി.

Leave A Reply