ആര്യങ്കാവ് ചെക്പോസ്റ്റില്‍ വീണ്ടും ടിപ്പര്‍ ലോറികള്‍ തടഞ്ഞു

പുനലൂര്‍: തമിഴ്നാട്ടില്‍ നിന്ന് പാറയുമായി വന്ന ടിപ്പര്‍ ലോറികള്‍ ആര്യങ്കാവ് മോട്ടോര്‍ വെഹിക്കിള്‍ ചെക് പോസ്റ്റില്‍ തടഞ്ഞു.ഇതോടെ, ഇരു സംസ്ഥാനത്തുമുള്ള ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി . പ്രശ്നം പരിഹരിക്കാന്‍ പൊലീസ് അടക്കം അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപമുയര്‍ന്നു.കേരളത്തില്‍ നിന്നുള്ള ടിപ്പറുകള്‍ക്ക് ക്വാറി ഉല്‍പന്നങ്ങള്‍ നല്‍കാന്‍ തമിഴ്നാട്ടിലെ ക്വാറി ഉടമകള്‍ തയാറാകാത്തതിലും അവിടത്തെ അധികൃതരുടെ ദ്രോഹ നടപടികള്‍ക്കെതിരെയുമായിരുന്നു സമരം. വ്യാഴാഴ്ചയും ലോറി ഡ്രൈവര്‍മാര്‍ ഇവിടെ തമിഴ്നാട് ടിപ്പറുകള്‍ തടഞ്ഞിരുന്നു.

ടിപ്പര്‍ ലോറി ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിലായിരുന്നു സമരം . ക്വാറി ഉടമകളുടെയും അധികൃതരുടെയും വിവേചന നടപടിയില്‍ പ്രതിഷേധിച്ച്‌ മൂന്നു ദിവസമായി കേരളത്തിലെ ടിപ്പറുകള്‍ തമിഴ്നാട്ടില്‍ ലോഡ് കയറ്റാന്‍ പോകുന്നില്ല.സമരത്തെ തുടര്‍ന്ന് ക്വാറി ഉടമകള്‍ ചര്‍ച്ചക്ക് തയാറായതായി സമരക്കാര്‍ പറഞ്ഞു. ഇന്നലത്തെ സമരം വൈകീട്ട് സംഘര്‍ഷാവസ്ഥയിലെത്തി. ഇതിനെ തുടര്‍ന്ന് തെന്മല സി.ഐയുടെ നേതൃത്വത്തില്‍ പൊലീസെത്തി തടഞ്ഞിട്ട ടിപ്പറുകള്‍ കടത്തിവിടുകയായിരുന്നു. എന്നാല്‍, സമരത്തില്‍ നിന്ന് പിന്മാറാന്‍ ഇവിടെയുള്ളവര്‍ തയാറായിട്ടില്ല.

Leave A Reply