സ്വന്തമായി വീടെന്ന ഓരോ സാധാരണക്കാരന്റെയും സ്വപ്നത്തിന് ഒപ്പമാണ് സർക്കാർ: മന്ത്രി കെ എൻ ബാലഗോപാൽ

തൃശൂർ: സ്വന്തമായി വീടെന്ന ഓരോ സാധാരണക്കാരന്റെയും സ്വപ്ന സാക്ഷാൽക്കരണത്തിന് കൂടെ നിൽക്കുകയാണ് സംസ്ഥാന സർക്കാരെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. മുഴുവൻ കുടുംബത്തിനും സ്വന്തമായി വീടുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
എം എൻ ലക്ഷംവീട് ഇരട്ടവീടുകൾ ഒറ്റ വീടാക്കൽ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മാടക്കത്തറ, മാറ്റാംപുറത്ത്
നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമൂഹവും ഒന്നിച്ച് നിന്നപ്പോൾ കോവിഡ് പോലുള്ള പ്രതിസന്ധികളെ അതിവിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. മനസോടിത്തിരി മണ്ണ് പദ്ധതി പ്രകാരം ഭൂമി നൽകിയാൽ ഭൂരഹിതർക്ക് സ്വന്തമായി ഭൂമിയും വീടും എന്ന ലക്ഷ്യം നിറവേറ്റാനാകുമെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിൽ ആധുനിക സൗകര്യങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ സർക്കാർ ചെയ്യും. 60 ലക്ഷം പേർക്ക് 1000 കോടി രൂപ സാമൂഹ്യ പെൻഷനും 42 ലക്ഷം കുടുംബങ്ങൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വഴി 5 ലക്ഷം രൂപ ചികിത്സാ സഹായവും മുടക്കമില്ലാതെ നൽകാൻ സർക്കാരിന് കഴിയുന്നുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
ഇരട്ടവീടുകൾ ഒറ്റ വീടാക്കി നൽകാമെന്ന മാറ്റാംപുറം ലക്ഷംവീട് കോളനിയിലെ കുടുംബങ്ങൾക്ക് നൽകിയ വാക്ക് സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ നടപ്പിലാക്കാൻ കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി പി സുനീർ, ഹൗസിംഗ് കമ്മീഷണർ എൻ ദേവിദാസ്, ഭവന നിർമ്മാണ ബോർഡ് മെമ്പർ ഗീത ഗോപി, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചീഫ് എൻജിനീയർ കെ പി കൃഷ്ണകുമാർ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര എന്നിവർ പങ്കെടുത്തു.
Leave A Reply