കൊല്ലം: നാടന്‍ കുത്തരി ഇളമ്ബള്ളൂര് ബ്രാന്‍ഡില്‍ വിപണിയിലെത്തി . ആദ്യഘട്ടം 500 പാക്കറ്റ് അരിയാണ് വിപണിയില്‍ എത്തിയത്.കുത്തരി കൂടാതെ നാടന്‍ പൊടിയരിയും പച്ചരിയും പുതിയ ബ്രാന്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്.കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഇളമ്ബള്ളൂര് കാര്‍ഷിക വികസന സഹകരണ സംഘം ആവിഷ്കരിച്ച പദ്ധതിയാണ് പുതിയ ബ്രാന്‍ഡ് കുത്തരി. ഒരു കാലത്ത് വ്യാപകമായി നെല്‍കൃഷി ചെയ്തിരുന്ന ഗ്രാമമായിരുന്നു ഇളമ്ബള്ളൂര്. കൃഷി ലാഭകരമല്ലാതാവുകയും വിപണി കണ്ടെത്താന്‍ ബുദ്ധിമുട്ടുകയും ചെയ്തതോടെ പലരും നെല്‍കൃഷി ഉപേക്ഷിക്കുകയായിരുന്നു . വിപണി സൃഷ്ടിച്ച് ജനങ്ങളെ കൃഷിയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍ഷിക വികസനസംഘം നേതൃത്വം നല്കി. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രോത്സാഹനമായി.
കര്‍ഷകരെ സംഘടിപ്പിച്ച് തരിശ് പാടങ്ങളില്‍ കൃഷിയിറക്കി. സംഘം തന്നെ പാടങ്ങള്‍ ഏറ്റെടുത്ത് നെല്‍കൃഷി വ്യാപിപ്പിക്കുകയും ചെയ്തു . സംഘത്തില്‍ അംഗങ്ങളായവരും അല്ലാത്തവരുമായ കര്‍ഷകര്‍ ഉല്പാദിപ്പിച്ച 3000 കിലോ നെല്ല് മികച്ച വിലക്ക് വാങ്ങി പുഴുങ്ങി കുത്തി അരിയാക്കുകയായിരുന്നു. ചമ്ബക്കുളത്തുള്ള മില്ലിലാണ് നെല്ല് കുത്തി അരിയാക്കിയത്. സംഘത്തിന് സ്വന്തമായി റൈസ് മില്ലുകൂടി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി. ഇതിനായി മുഖത്തല ബ്ളോക്ക് പഞ്ചായത്തിന് പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. ഇളമ്ബള്ളൂര് മാത്രമല്ല, സമീപ സ്ഥലങ്ങളിലെയും നെല്ല് സംഭരിച്ച് അരി വിപണി വിപുലീകരിക്കാനാണ് ശ്രമം.