മീങ്കര അണക്കെട്ടില്‍ അടിഞ്ഞുകൂടിയ ചെളി നീക്കാന്‍ പദ്ധതിയായി

കൊല്ലങ്കോട്: മീങ്കര അണക്കെട്ടില്‍ അടിഞ്ഞുകൂടിയ ചെളി നീക്കാന്‍ തീരുമാനമായി . മേയ് അവസാനത്തോടെ ആരംഭിക്കുന്ന പ്രവൃത്തിക്ക് പ്ലാന്റ് സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു.50 കോടി രൂപ ചെലവില്‍ മൂന്നു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുന്ന പദ്ധതിയാണിത്. കേരള സ്റ്റേറ്റ് മിനറല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെംഡല്‍) ആണ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുക .

ഡാമില്‍ അടിഞ്ഞുകൂടിയ ചെളി യന്ത്രസംവിധാനത്തോടെ നീക്കി പൂര്‍ണ സംഭരണശേഷിയില്‍ വെള്ളം നിറയ്ക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ നീക്കുന്ന ചെളി എക്കല്‍ മണ്ണ്, മണല്‍ എന്നിങ്ങനെ വേര്‍തിരിക്കും. യന്ത്രമുപയോഗിച്ച്‌ വലിച്ചെടുക്കുന്ന ചെളി പൈപ്പ് മാര്‍ഗം വാഹനത്തിലും പ്രത്യേക യാര്‍ഡിലേക്കും എത്തിക്കും. അവിടെനിന്ന് മീങ്കര ഡാം പ്രധാന കവാടത്തിന്റെ വലതുവശത്ത് സ്ഥാപിക്കുന്ന പ്ലാന്റിലെത്തിച്ചു വേര്‍തിരിക്കും .

നാല് കോടിയുടെ പ്ലാന്റ്, എട്ടു കോടിയുടെ യന്ത്രങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ക്ക് സ്വകാര്യ കമ്ബനിക്കാണ് കെംഡല്‍ കരാര്‍ നല്‍കിയിട്ടുള്ളത്. ന്യൂമാറ്റിക് സക്ഷന്‍, ഡ്രഡ്ജര്‍, പമ്ബ് സ്റ്റാക്കിംഗ് എന്നിവയാണ് ചെളി നീക്കം ചെയ്യാനായി ഉപയോഗിക്കുക. മൂന്നു പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണത്തെ പ്രവൃത്തി പ്രതികൂലമായി ബാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഡാമിനകത്തുനിന്ന് ചെളി വലിച്ച്‌ പൈപ്പ് ലൈനുകളിലൂടെയും വാഹനങ്ങളിലും ശേഖരിച്ച്‌ പ്ലാന്റിലെത്തിക്കുന്ന സാങ്കേതികത ഇന്ത്യയില്‍ ആദ്യമായി ഉപയോഗിക്കുക മീങ്കരയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave A Reply