ലൈംഗിക അതിക്രമം: പ്രതിക്ക് 21 വർഷം തടവ്

തൊടുപുഴ ∙ കേരളത്തെ നടുക്കിയ ക്രൂരതയിൽ പ്രതിക്ക് 21 വർഷം തടവും 3.81 ലക്ഷം രൂപയുടെ പിഴയും ശിക്ഷ. ഇടുക്കി കുമാരമംഗലത്ത് നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കുട്ടിയുടെ അമ്മയുടെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദിന് (കോബ്ര– 39) മുട്ടം പോക്സോ കോടതി തടവും പിഴയും ശിക്ഷിച്ചത്. കുട്ടിയുടെ ഏഴു വയസ്സുള്ള സഹോദരനെ ക്രൂരമായി കൊന്ന കേസിലും അരുൺ ആനന്ദ് പ്രതിയാണ്. ഈ കേസിന്റെ വിചാരണ ഉടൻ തുടങ്ങും.

ദേഹോപദ്രവം, ആവർത്തിച്ചുള്ള ലൈംഗിക അതിക്രമം, 12 വയസ്സിനു താഴെയുള്ളവർക്കെതിരായ ലൈംഗികാതിക്രമം, രക്ഷകർത്താവു തന്നെ നടത്തുന്ന ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾ പ്രകാരമാണ് ശിക്ഷ. ആറു വർഷത്തെ കഠിന തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 15 വർഷമാകും തടവ്.

2019ൽ മൂത്ത കുട്ടി പ്രതിയുടെ മർദനമേറ്റു കൊല്ലപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉറക്കത്തിൽ സോഫയിൽ മൂത്രമൊഴിച്ചതിന് അരുൺ മർദിക്കുകയും ഭിത്തിയിലേക്കു വലിച്ചെറിയുകയും ചെയ്തെന്നാണ് കേസ്. കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു ക്രൂരത.  കുട്ടികളുടെ അച്ഛന്റെ മരണശേഷം അമ്മ അരുണിനൊപ്പം താമസിക്കുകയായിരുന്നു. രണ്ടു കുട്ടികളെയും പ്രതി തൊഴിക്കുകയും മുഖത്തടിക്കുകയും ചെയ്യുമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൂത്ത കുട്ടി 2019 ഏപ്രിൽ ആറിന് മരിച്ചു.

ലൈംഗികാതിക്രമത്തിന് ഇരയായ ഇളയ കുട്ടിയുടെ മൊഴിയാണ് അരുണിന്റെ ക്രൂരമർദനം പുറത്തറിയാൻ കാരണമായത്.  അരുൺ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. ഇരയായ കുട്ടിക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി.വാഹിദ ഹാജരായി.

Leave A Reply