കനത്ത മഴയിലും കാറ്റിലും മുട്ടം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടം

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും മുട്ടം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച രാത്രിയിലുണ്ടായ മഴയിൽ നിരവധി വീടുകൾക്കും കാർഷിക വിളകൾക്കും നാശം സംഭവിച്ചു. പൊതു സ്ഥലങ്ങളിലെയും സ്വകാര്യവ്യക്തികളുടെ പറമ്പിലെയും മരങ്ങൾ വ്യാപകമായി കടപുഴകി. വിവിധയിടങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ്‌ വീഴുകയും വൈദ്യുതി ലൈനുകൾ പൊട്ടുകയും ചെയ്തു. തുടർന്ന് വിവിധ വാർഡുകളിൽ വൈദ്യുതി ബന്ധം ഇല്ലാതായി.
തുടങ്ങനാട് കൊച്ചേരിയിൽ ചിറക്കൽ രാജിത–- ഷിബു പുതുതായി നിർമിച്ച വീട്ടിലേക്ക് മണ്ണിടിഞ്ഞ്‌ ഭിത്തി തകർന്നു. ലൈഫ് പദ്ധതി പ്രകാരം  പഞ്ചായത്ത് അനുവദിച്ച വീടാണിത്‌. കഴിഞ്ഞ മൂന്ന് വർഷത്തെ മഴക്കെടുത്തിയിലും രാജിതയുടെ വീടിന് കേടുപാട്‌ പറ്റിയിരുന്നു.
കനത്ത മഴയെ തുടർന്ന് ടൗണിലെ ഓടകൾ നിറഞ്ഞ് മലിനജലം വ്യാപകമായി റോഡിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തി. വർഷങ്ങളായിട്ട് അധികൃതർ ഓടകളുടെ നവീകരണം നടത്താത്തതാണ്‌ തിരിച്ചടിയായത്‌. ഏതാനും ദിവസങ്ങൾക്ക് മുമ്പുണ്ടായ കനത്ത മഴയിലും കാറ്റിലും ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾ മുട്ടം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായിരുന്നു. എന്നാൽ, നഷ്ടത്തിന്റെ കൃത്യമായ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.
Leave A Reply