മലപ്പുറം: വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ റിട്ട. അധ്യാപകനും മലപ്പുറം നഗരസഭാംഗവുമായിരുന്ന കെ.വി. ശശികുമാറിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സെന്റ് ജെമ്മാസ് ഗേൾസ് സ്കൂൾ അധികൃതർ. വിദ്യാർഥിനികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ രേഖാമൂലമോ വാക്കാലോ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിക്കാത്ത സംഭവത്തിൽ എങ്ങനെ നടപടി എടുക്കാനാവുമെന്നും സ്കൂൾ മാനേജ്മെന്റ് ചോദിച്ചു.
എന്നാൽ, കെ.വി. ശശികുമാറിനെതിരെ സെൻറ് ജെമ്മാസ് സ്കൂളിന്റെ കോർപറേറ്റ് മാനേജ്മെന്റിനടക്കം പരാതി നൽകിയതിന് തെളിവുണ്ടെന്ന് പൂർവ വിദ്യാർഥിനികളിലൊരാളും ബംഗളൂരുവിൽ അഭിഭാഷകയുമായ ബീന പിള്ള പറഞ്ഞു. ബുധനാഴ്ച മലപ്പുറം പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു.
രേഖാമൂലം പരാതി നൽകിയ സംഭവം എന്തിനാണ് സ്കൂൾ അധികൃതർ നിഷേധിക്കുന്നതെന്നും അവർ ചോദിച്ചു. അഞ്ചു മുതൽ എഴു വരെ ക്ലാസിൽ പഠിക്കുമ്പോൾ സംഭവിച്ചത് പീഡനമായിരുന്നെന്ന് പലരും തിരിച്ചറിയുന്നത് പത്താം ക്ലാസിലെത്തുമ്പോഴാണ്. ഈ സമയം പരാതിയുമായി സമീപിച്ച വിദ്യാർഥിനികളോട് ‘കൊഞ്ചിക്കുഴയാൻ പോകാതിരുന്നാൽ നിങ്ങൾ സേഫാണ്’ എന്ന തരത്തിലുള്ള മറുപടിയാണ് അധികൃതർ നൽകിയത്. ചില കേസുകളിൽ കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ നേരിട്ട് പോയി ‘കൈകാര്യം ചെയ്ത’ സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.