സമസ്‌ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധമുയരാത്തതിൽ ദുഖമുണ്ടെന്ന് ഗവർണർ

തിരുവനന്തപുരം: സമസ്‌ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേരളീയ സമൂഹത്തിൽ നിന്ന് പ്രതിഷേധമുയരാത്തതിൽ അതിയായ ദുഖമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ പെൺകുട്ടി കാണിച്ച ധൈര്യത്തെ താൻ അഭിനന്ദിക്കുന്നുവെന്നും ഗവർണർ വ്യക്തമാക്കി. പെൺകുട്ടി പൊതുസമൂഹത്തിന് മുന്നിലാണ് അപമാനിക്കപ്പെട്ടത്. സമസ്‌ത നേതാവിനെതിരെ കേസെടുക്കേണ്ടതാണെന്നും, എന്തുകൊണ്ട് സർക്കാർ അത് ചെയ്യുന്നില്ല എന്നതിൽ തനിക്ക് ആശ്ചര്യമാണ് തോന്നുന്നതെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘സംഭവത്തിന്റെ ദൃശ്യത്തിൽ പെൺകുട്ടി ഹിജാബ് ധരിച്ചിട്ടുള്ളതായി കാണാം. ആദ്യം മുതൽ തന്നെ ഞാൻ പറയുന്ന കാര്യമിതുതന്നെയാണ്. അവരുടെ ലക്ഷ്യം കേവലം ഹിജാബ് മാത്രമല്ല. തങ്ങളുടെ സമുദായത്തിലെ സ്ത്രീകളെ എങ്ങനെ പിന്നോട്ട് നടത്താം എന്നത് സംബന്ധിച്ചുള്ള ഗൂഡാലോചനയാണ് നടത്തുന്നത്. വീട്ടിനുള്ളിലെ നാല് ചുമരുകൾക്കുള്ളിൽ സ്ത്രീകളെ തളച്ചിടുക, തൊഴിൽ സാദ്ധ്യതകൾ നശിപ്പിക്കുന്നതിനായി വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കുക തുടങ്ങിയവയാണ് ഇത്തരം മതനേതാക്കന്മാരുടെ ലക്ഷ്യം.

Leave A Reply