തിരുവനന്തപുരം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾ തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ശമ്പളം കൊടുക്കുന്നതിൽ തടസം ഉണ്ടാവില്ലെന്നും ബാലഗോപാൽ പറഞ്ഞു. അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചില ഗൂഢശക്തികളാണ് പുറത്തുവരുന്ന വാർത്തകൾക്ക് പിന്നിലെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ കടം അനുവദിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രമാണ് എല്ലാ സംസ്ഥാനങ്ങളുടെയും രക്ഷകർത്താവ്. വൈരനിര്യാതന ബുദ്ധിയോടെ കേന്ദ്രം പെരുമാറില്ല എന്നാണ് കരുതുന്നതെന്നും ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
കടമായി ചോദിച്ച നാലായിരം കോടി രൂപ കേന്ദ്ര സർക്കാർ അനുവദിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെതുടർന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ കേന്ദ്രം കടം അനുവദിച്ചിട്ടില്ലെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.